Your Image Description Your Image Description

രാജ്യത്ത് മദ്യപിച്ച് വാഹനമോടിക്കുന്ന നിയമങ്ങളിൽ പരിഷ്കാരങ്ങൾ വരുത്താൻ ഒരുങ്ങി യുകെ. മോട്ടോറിംഗ് വിദഗ്ധരും ആരോഗ്യ വിദഗ്ധരും അടങ്ങുന്ന വിദഗ്ധസമിതിയുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നിയമം പരിഷ്കരിക്കാൻ ഒരുങ്ങുന്നത്. ഇതിനായി ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) വിവിധ ചാരിറ്റികൾ, റോഡ് ഗ്രൂപ്പുകൾ, മോട്ടോർ വാഹന വിദഗ്ധർ എന്നിവരുടെ സഹായത്തോട് കൂടി തയ്യാറാക്കിയ നിർദ്ദേശങ്ങൾ സർക്കാരിന് സമർപ്പിച്ചതായി വിദഗ്ധസമിതി അറിയിച്ചു.

നിലവിൽ യുകെയിൽ പ്രാബല്യത്തിലുള്ള നിയമം 1967 മുതൽ തുടർന്നു വരുന്നതാണ്. ഈ നിയമപ്രകാരം വാഹനം ഓടിക്കുന്ന വ്യക്തിയുടെ 100 ​​മില്ലി രക്തത്തിൽ 80 മില്ലിഗ്രാം ആൽക്കഹോൾ പരിധി അനുവദനീയമാണ്. എന്നാൽ രാജ്യത്തുടനീളം ഉള്ള റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിന് വാണിജ്യ ഡ്രൈവർമാർക്കും പുതുതായി യോഗ്യത ലഭിച്ച ലൈസൻസ് ഉടമകൾക്കും ഈ പരിധി 20 മില്ലിയായി കുറയ്ക്കാൻ ആണ് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ശുപാർശ ചെയ്യുന്നത്. പുതിയ നിയമങ്ങൾ ദീർഘകാല നേട്ടങ്ങൾ കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നതായി നാഷണൽ ആക്‌സിഡന്‍റ് ഹെൽപ്പ് ലൈനിലെ ലീഗൽ ഓപ്പറേഷൻസ് ഡയറക്ടർ ജോൺ കുഷ്‌നിക്ക് അഭിപ്രായപ്പെട്ടു.

കർശനമായ നിയമപാലനം, കൂടുതൽ ശക്തമായ നടപ്പാക്കൽ, നിയമങ്ങളെക്കുറിച്ചുള്ള അവബോധം തുടങ്ങിയ പരിഹാരങ്ങൾക്ക് പുറമേ, 100 മില്ലി രക്തത്തിന് മദ്യത്തിന്‍റെ പരിധി 80 മില്ലിയില്‍ നിന്ന് 50 മില്ലിയായി കുറയ്ക്കാനും ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ നിർദ്ദേശിച്ചിട്ടുണ്ട്. പുതിയ, വാണിജ്യ ഡ്രൈവർമാർക്കുള്ള പരിധി 20 മില്ലിഗ്രാമായി കുറയ്ക്കണമെന്നും മെഡിക്കൽ അസോസിയേഷൻ ശുപാർശ ചെയ്തു. സമീപവർഷങ്ങളിൽ മദ്യപിച്ച് വാഹനം ഓടിക്കുന്നതുമായി ബന്ധപ്പെട്ട മരണങ്ങൾ വർദ്ധിച്ചതായും നിയമം പരിഷ്കരിക്കുന്നതിലൂടെ ഈ അപകടസാധ്യതയുടെ നിരക്ക് കുറയ്ക്കാൻ ആകുമെന്നുമാണ് വിദഗ്ധസമിതി പറയുന്നത്. 2022 ജൂലൈയിൽ മാത്രം 4,217 വ്യക്തികളെ പോലീസ് മദ്യപിച്ച് വാഹനം ഓടിച്ചതിന് അറസ്റ്റ് ചെയ്തെന്ന് ഇൻഷുറൻസ് താരതമ്യ വെബ്‌സൈറ്റായ കൺഫ്യൂസ്ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *