Your Image Description Your Image Description

മ്യൂണിക്ക്: യൂറോ കപ്പിലെ വമ്പന്‍മാരുടെ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇറ്റലിയെ വീഴ്ത്തി സ്പെയിന്‍. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സ്പെയിനിന്‍റെ വിജയം. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം 55-ാം മിനിറ്റില്‍ റിക്കാര്‍ഡോ കലാഫിയോറി നേടിയ സെല്‍ഫ് ഗോളിലാണ് ഇറ്റലി വീണത്. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ക്രോയേഷ്യയും അല്‍ബേനിയയും കൂടി ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ നിന്ന് സ്പെയിന്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചപ്പോള്‍ ഇറ്റലി-ക്രൊയേഷ്യ അവസാന ഗ്രൂപ്പ് മത്സരം നിര്‍ണായകമായി ക്രൊയേഷ്യക്കെതിരെ സമനില പിടിച്ചാലും ഇറ്റലിക്ക് പ്രീ ക്വാര്‍ട്ടറിലെത്താം. എന്നാല്‍ നോക്കൗട്ടിലെത്താന്‍ ക്രൊയേഷ്യക്ക് ജയം കൂടിയെ തീരു.

ആക്രമിച്ചു കളിച്ച സ്പെയിനിനെതിരെ പ്രതിരോധിച്ചു നില്‍ക്കാനായിരുന്നു തുടക്കം മുതല്‍ ഇറ്റലി ശ്രമിച്ചത്.അതുതന്നെയാണ് അവര്‍ക്ക് വിനയായതും. സ്പാനിഷ് താരം വില്യംസിന്‍റെ ബോക്സിലേക്കുള്ള ക്രോസ് രക്ഷപ്പെടുത്താനുള്ള ഗോള്‍ കീപ്പര്‍ ഡൊണ്ണരുമയുടെ ശ്രമത്തിനിടെ ബോക്സിലുണ്ടായിരുന്ന കലാഫിയോറിയുടെ കാല്‍ മുട്ടിലിടിച്ച് പന്ത് ഇറ്റലിയുടെ വലയില്‍ കയറുകയായിരുന്നു.ആദ്യ പകതിയില്‍ വില്യംസിനും പെഡ്രിക്കും നിരവധി അവസരങ്ങള്‍ ലിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാന്‍ സ്പെയിനിന് കഴിഞ്ഞിരുന്നില്ല.ആദ്യ പകുതിയില്‍ മാത്രം സ്പെയിന്‍ ഒമ്പത് തവണ ലക്ഷ്യത്തിലേക്ക് പന്തടിച്ചപ്പോള്‍ ഇറ്റലിക്ക് ഒരു തവണ മാത്രമാണ് അതിന് കഴിഞ്ഞുള്ളു.

രണ്ടാം പകുതിയിലും സ്പെയിന്‍ തന്നെയായിരുന്നു ആക്രമിച്ചു കളിച്ചത്. വില്യംസിന്‍റെ ഷോട്ട് ക്രോസ് ബാറില്‍ തട്ടി മടങ്ങിയതും കളിയുടെ അന്ത്യനിമിഷങ്ങലില്‍ ലീഡുയര്‍ത്താന്‍ ലഭിച്ച അവസരം പെരെസ് നഷ്ടമാക്കിയതും അവര്‍ക്ക് വിനയായി.ഭാഗ്യവും ഗോള്‍ കീപ്പര്‍ ഡൊണാരുമയുടെ മികവുമാണ് പലപ്പോഴും ഇറ്റലിയെ രക്ഷിച്ചത്. മറുവശത്ത് ഇറ്റലിക്ക് കാര്യമായി അവസരങ്ങളൊന്നും തുറന്നെടുക്കാനായില്ല.

2016ല്‍ അയര്‍ലന്‍ഡിനോട് തോറ്റശേഷം ഇറ്റലി യൂറോ കപ്പില്‍ വഴങ്ങുന്ന ആദ്യ തോല്‍വിയാണിത്.തോല്‍വിയോടെ 10 മത്സരങ്ങളുടെ അപരാജിത റെക്കോര്‍ഡും ഇറ്റലിക്ക് നഷ്ടമായി.ഇറ്റലിക്കെതിരെ സ്പെയിന്‍ നേടുന്ന തുടര്‍ച്ചയായ മൂന്നാം ജയവുമാണിത്. ആദ്യമായാണ് സ്പെയിന്‍ ഇറ്റലിക്കെതിരെ തുടര്‍ച്ചയായി മൂന്ന തവണ ജയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *