Your Image Description Your Image Description

ആന്റിഗ്വ: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ ആദ്യ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ യുഎസിന് 195 റണ്‍സ് വിജയലക്ഷ്യം. സര്‍ വിവിയിന്‍ റിച്ചാര്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ക്വിന്റണ്‍ ഡി കോക്ക് (40 പന്തില്‍ 74), എയ്ഡന്‍ മാര്‍ക്രം (32 പന്തില്‍ 46) മികച്ച പ്രകടനം പുറത്തെടുത്തു. ഹെന്റിച്ച് ക്ലാസന്‍ 22 പന്തില്‍ പുറത്താവാതെ നേടിയ 36 റണ്‍സ് നിര്‍ണായമായി. സൗരഭ് നേത്രവല്‍ക്കര്‍, ഹര്‍മീത് സിംഗ് തസിംഗ് എന്നിവര്‍ രണ്ട് വിക്കറ്റ് വിതം വീഴ്ത്തി.

സ്‌കോര്‍ബോര്‍ഡില്‍ 16 റണ്‍സ് മാത്രമുള്ളപ്പോള്‍ റീസ ഹെന്‍ഡ്രിക്‌സിന്റെ (11) വിക്കറ്റ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. പിന്നീട് മൂന്നാം വിക്കറ്റില്‍ ഡി കോക്ക് – മാര്‍ക്രം സഖ്യം 110 റണ്‍സ് കൂട്ടിചേര്‍ത്തു. 13-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. ഡിക്കോക്കിനെ ഹര്‍മീത് പുറത്താക്കി. അഞ്ച് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഡി കോക്കിന്റെ ഇന്നിംഗ്‌സ്. തുടര്‍ന്നെത്തിയ ഡേവിഡ് മില്ലര്‍ (0) നേരിട്ട ആദ്യ പന്തില്‍ തന്നെ ഹര്‍മീതിന് ക്യാച്ച് നല്‍കി. വൈകാതെ മാര്‍ക്രവും മടങ്ങി. ഇതോടെ 15 ഓവറില്‍ നാലിന് 141 എന്ന നിലയിലായി ദക്ഷിണാഫ്രിക്ക.

എന്നാല്‍ ക്ലാസന്‍ – ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (20) കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലേക്ക് നയിച്ചു. ഇരുവരും 53 റണ്‍സ് കൂട്ടിചേര്‍ത്തു. ക്ലാസന്‍ മൂന്ന് സിക്‌സുകള്‍ നേടി. മറുപടി ബാറ്റിംഗ് ആരംഭിച്ച യുഎസ് 3 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 28 റണ്‍സെടുത്തിട്ടുണ്ട്. സ്റ്റീവന്‍ ടെയ്‌ലര്‍ (24), ആന്‍ഡ്രീസ് ഗൗസ് (2) എന്നിവരാണ് ക്രീസില്‍. സൂപ്പര്‍ എട്ടില്‍ ഗ്രൂപ്പ് രണ്ടില്‍ ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്കൊപ്പമാണ് യുഎസും ദക്ഷിണാഫ്രിക്കയും കളിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *