Your Image Description Your Image Description

 

ഫ്ലോറിഡ: ടി20 ലോകകപ്പിലെ ഇന്ത്യ-കാനഡ മത്സരം മേശം കാലാവസ്ഥമൂലം ടോസ് പോലും ഇടാതെ ഉപേക്ഷിച്ചു. കനത്ത മഴ മൂലം ഔട്ട് ഫീൽഡ് നനഞ്ഞു കുതിർന്നതാണ് മത്സരം ഉപേക്ഷിക്കാൻ കാരണമായത്. അഞ്ചോവർ വിതമുള്ള മത്സരമെങ്കിലും സാധ്യമാവുമോ എന്ന് അമ്പയർമാർ പരിശോധിച്ചെങ്കിലും ഔട്ട് ഫീൽഡിലെ പല ഭാഗങ്ങളും നനഞ്ഞു കുതിർന്നതിനാൽ കളിക്കാർക്ക് പരിക്കേൽക്കാനുള്ള സാധ്യത കണക്കിലെടുത്ത് മത്സരം പൂർണമായും ഉപേക്ഷിക്കുകയായിരുന്നു.

ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ അവസാന മത്സരമായിരുന്നു ഇത്. നേരത്തെ സൂപ്പർ 8 ഉറപ്പിച്ചതിനാൽ ഇന്ത്യക്കും സൂപ്പർ 8 കാണാതെ പുറത്തായതിനാൽ കാന‍ഡക്കും മത്സരഫലം അപ്രധാനമായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ പോരാട്ടങ്ങൾ കഴിഞ്ഞാൽ സൂപ്പർ 8 പോരാട്ടങ്ങളും സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളും വെസ്റ്റ് ഇൻഡീസിലാണ് നടക്കുക. 19ന് അമേരിക്ക- ദക്ഷിണാഫ്രിക്ക മത്സരത്തോടെ തുടങ്ങുന്ന സൂപ്പർ 8 പോരാട്ടങ്ങളിൽ 20ന് ബാർബഡോസിലാണ് ഇന്ത്യയുടെ ആദ്യ മത്സരം. അഫ്ഗാനിസ്ഥാനാനാണ് ആദ്യ മത്സരത്തിൽ ഇന്ത്യയുടെ എതിരാളികൾ.

22ന് നടക്കുന്ന സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെയും 24ന് നടക്കുന്ന മത്സരത്തിൽ ഓസ്ട്രേലിയയെയും നേരിടും. രണ്ട് ഗ്രൂപ്പുകളായി നടക്കുന്ന സൂപ്പർ 8 പോരാട്ടങ്ങളിൽ ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരാണ് സെമിയിലെത്തുക.ഇന്നലെ ഇതേവേദിയിൽ നടക്കേണ്ടിയിരുന്ന അമേരിക്ക-അയർലൻഡ് മത്സരവും മോശം കാലാവസ്ഥ മൂലം ടോസ് പോലും സാധ്യമാവാതെ ഉപേക്ഷിച്ചിരുന്നു. ഇതോടെ പാകിസ്ഥാൻ സൂപ്പർ എട്ടിലെത്താതെ പുറത്താവുകയും ചെയ്തു.

നേരത്തെ ഫ്ലോറിഡയിൽ നടക്കേണ്ടിയിരുന്ന ശ്രീലങ്ക-നേപ്പാൾ മത്സരം മഴമൂലം ഉപേക്ഷിച്ചത് ശ്രീലങ്കയുടെ സൂപ്പർ 8 സാധ്യതകളെയും തകർത്തിരുന്നു. ഈ ലോകകപ്പിൽ മഴമൂലം ഉപേക്ഷിക്കുന്ന നാലാമത്തെ മത്സരമാണ് ഇന്ത്യ-കാനഡ പോരാട്ടം. നാളെ ഇതേ വേദിയിൽ നടക്കേണ്ട പാകിസ്ഥാൻ-അയർലൻഡ് മത്സരത്തിനും മഴ ഭീഷണിയാണ്. ഇരു ടീമുകളും സൂപ്പർ 8ൽ എത്താതെ പുറത്തായതിനാൽ മത്സരഫലം അപ്രധാനമാണ്.

 

Leave a Reply

Your email address will not be published. Required fields are marked *