Your Image Description Your Image Description

 

ചെന്നൈ: കേന്ദ്രത്തിലേത് ഭൂരിപക്ഷമില്ലാത്ത സർക്കാരെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നതൊന്നും ഈ സർക്കാരിന് നടപ്പാക്കാൻ കഴിയില്ലെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. തമിഴ്‌നാട്ടിൽ ഒരു തവണ മാത്രം പ്രചാരണത്തിനെത്തിയ രാഹുൽ ഗാന്ധി ഒറ്റവരവിൽ മോദിയെ തകർത്തെന്നും അദ്ദേഹം പറഞ്ഞു. കോയമ്പത്തൂരിൽ ഡിഎംകെ സഖ്യത്തിന്റെ വിജയാഘോഷവേദിയിലാണ് എംകെ സ്റ്റാലിൻ്റെ പ്രതികരണം.

തമിഴ്‌നാട്ടിൽ ബിജെപിക്ക് വേണ്ടി എട്ട് തവണ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചും പരിഹസിച്ചുമായിരുന്നു എംകെ സ്റ്റാലിന്റെ പ്രതികരണം. ഒരു മധുരപ്പൊതി കൊണ്ട് രാഹുൽ ഗാന്ധി മോദിയുടെ പ്രചാരണം തകർത്തുവെന്നും അദ്ദേഹം രാഹുൽ ഗാന്ധി കോയമ്പത്തൂർ റാലിക്ക് ശേഷം മൈസൂർ പാക്ക് തനിക്ക് സമ്മാനിച്ചത് ഓർമ്മിച്ച് അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിക്ക് തന്നോടുള്ള സ്നേഹം മറക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസില്ലാതെ പ്രതിപക്ഷ മുന്നണി അസാധ്യമെന്ന് 2019ലും താൻ പറഞ്ഞതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിക്കെതിരെ വിശാല പ്രതിപക്ഷ ഐക്യം ഇത്തവണ സാധ്യമായി. കേന്ദ്ര ഏജൻസികളെ അടക്കം ഉപയോഗിച്ചിട്ടും ബിജെപിക്ക് വിജയിക്കാനായില്ല. നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും ഇല്ലെങ്കിൽ കേന്ദ്രത്തിൽ മോദി സർക്കാർ ഇല്ല. തെരഞ്ഞെടുപ്പിൽ കണ്ടത് മോദിയുടെ പരാജയമാണ്. ഭരണഘടന മാറ്റാൻ ശ്രമിച്ചവർക്ക് ഭരണഘടനയ്‌ക്ക് മുന്നിൽ വണങ്ങേണ്ടി വന്നു. ഇത് ഇന്ത്യ സഖ്യത്തിന്റെ 41ാം വിജയമെന്നും എംകെ സ്റ്റാലിൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *