Your Image Description Your Image Description

 

പാലക്കാട്: മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വ്യാജ രേഖ ചമച്ച് ലക്ഷങ്ങൾ തട്ടിയതായി കേസ്. ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറ് സി.കെ.ഉമ്മുസൽമയുടെ പരാതിയിലാണ് മണ്ണാർക്കാട് പൊലീസ് കേസെടുത്തത്. 2021 മേയ് മുതൽ 2022 മാർച്ച് വരെയുള്ള കാലയളവിൽ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ മിനിട്ട്സും കരാറുകളും വ്യാജമായി ഉണ്ടാക്കി പണം തട്ടിയെടുത്തുവെന്നാണ് ആരോപണം. സെക്രട്ടറി അടക്കം അഞ്ച് പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഇതിലൂടെ ബ്ലോക്ക് പഞ്ചായത്തിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേസ്.

ഉമ്മുസൽമ മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറായിരുന്ന സമയത്താണ് തട്ടിപ്പ് നടന്നതെന്നാണ് ആരോപണം. 2021 മേയ് മുതൽ 2022 മാർച്ച് വരെയുള്ള കാലയളവിൽ രേഖകൾ കൃത്രിമമായി നിർമ്മിച്ച് ഫണ്ട് തട്ടിയെടുത്തെന്നാണ് പരാതി. ബ്ലോക്ക് പഞ്ചായത്ത് മുൻ സെക്രട്ടറി കെ.രാധാകൃഷ്ണ‌ൻ, നിലവിലെ സെക്രട്ടറി അജിത്കുമാരി, മുൻ താത്കാലിക ജീവനക്കാരി ദിയ, കരാറിൽ ഒപ്പിട്ട സാക്ഷികളായ സ്വപ്ന, വിപിൻദാസ്, എന്നിവർക്കെതിരെയാണ് കേസ്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറായിരുന്ന സമയത്താണ് മിക്ക പദ്ധതികളുടെയും പേരിൽ വ്യാജ രേഖയുണ്ടാക്കുന്നത് ഉമ്മുസൽമയുടെ ശ്രദ്ധയിൽപെട്ടത്. ഇതോടെ അന്വേഷണം നടത്തി മണ്ണാർക്കാട് പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് അനങ്ങിയില്ല. ഇതോടെ ഉമ്മുസൽമ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തിരുന്നു. ഇതോടെയാണ് പൊലീസ് കേസെടുത്തത്. ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് അനർഹമായി കൈക്കലാക്കാൻ പ്രതികളും സഹായികളും ചേർന്ന് ഗൂഢാലോചന നടത്തിയെന്നും ഭരണ സമിതിയുടെ രേഖകളും കരാറുകളും വ്യാജമായി ഉണ്ടാക്കി രണ്ടു ലക്ഷത്തോളം രൂപ നഷ്ടം വരുത്തിയെന്നുമാണ് കേസ്. വിഷയം വിവാദമായതോടെ മുസ്ലിം ലീഗ് അയിരൂർ ഡിവിഷൻ അംഗമായ ഉമ്മുസൽമ പാർട്ടിയിൽ നിന്ന് രാജിവെച്ചിരുന്നു. ശേഷം അവിശ്വാസ പ്രമേയത്തിലൂടെ ഇവരെ പ്രസിഡൻറ് സ്ഥാനത്ത് നിന്നും പുറത്താക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *