Your Image Description Your Image Description

 

കാസർകോട്: കാസർകോട് മൊഗ്രാൽപുത്തൂർ പഞ്ചായത്തിൽ സ്ത്രീയെ വിഇഒ പൂട്ടിയിട്ടതായി പരാതി. ലൈഫ് പദ്ധതിയിൽ വീടിനായി നൽകിയ രേഖകൾ തിരിച്ച് വാങ്ങാനെത്തിയ കോട്ടവളപ്പിലെ സാവിത്രിയാണ് പരാതിക്കാരി. എന്നാൽ പരാതി രാഷ്ട്രീയ പ്രേരിതമാണെന്നാണ് വിഇഒ എം അബ്ദുൽ നാസർ പറയുന്നത്.

ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് മൊഗ്രാൽപുത്തൂർ പഞ്ചായത്തിൽ നിന്ന് അറിയിച്ചതിനെ തുടർന്ന് കോട്ടവളപ്പിലെ സാവിത്രി ഒരുക്കങ്ങൾ നടത്തി. അധികൃതരുടെ നിർദേശ പ്രകാരം ഉണ്ടായിരുന്ന കൂര പൊളിച്ച് സ്ഥലമൊരുക്കി. പക്ഷേ പിന്നീട് അധികൃതർ തിരുത്തി. വീട് അനുവദിച്ചത് മറ്റൊരു സാവിത്രിക്ക്. ഇതോടെ നൽകിയ രേഖകൾ തിരിച്ച് വേണമെന്ന് ആവശ്യപ്പെട്ടാണ് സാവിത്രി പഞ്ചായത്തിലെത്തിയത്.

എന്നാൽ രേഖകൾ മുഴുവനും തിരിച്ച് നൽകാൻ തയ്യാറാകാത്തതിനെ തുടർന്ന് വിഇഒ ഓഫീസിൽ കുത്തിയിരിക്കുകയായിരുന്നുവെന്ന് സാവിത്രി. പുറത്ത് പോകാൻ തയ്യാറാകാത്തതോടെ വിഇഒ ഓഫീസിൽ പൂട്ടിയിട്ടെന്നും ഇവർ ആരോപിക്കുന്നു. സാവിത്രി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ടൗൺപൊലീസ് വിഇഒയ്ക്കെതിരെ കേസെടുത്തു. വിഇഒയുടെ പരാതിയിൽ ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിന് സാവിത്രിക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനും വ്യക്തമാക്കി. സാവിത്രിയുടെ ആരോപണം തെറ്റാണെന്നാണ് വിഇഒയുടെ വിശദീകരണം. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് വിഇഒ പറയുന്നത്. തന്നോട് ചെയ്ത അനീതിക്കെതിരെ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരിക്കുകയാണ് സാവിത്രി. നീതി വേണമെന്നാണ് ഇവര‍് ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *