Your Image Description Your Image Description

 

മ്യൂണിക്ക്: യൂറോ കപ്പിലെ ഉദ്ഘാടന മത്സരത്തിൽ ജർമ്മനി ഇന്ന് സ്കോട്‍ലൻഡിനെ നേരിടും. ബയേൺ മ്യൂണിക്കിൻറെ ഹോം ഗ്രൗണ്ടായ അലയൻസ് അരീനയിൽ രാത്രി പന്ത്രണ്ടരയ്ക്കാണ് കളി തുടങ്ങുക. സോണി സ്പോർട്സ് നെറ്റ്‌വർക്കിലും ലൈവ് സ്ട്രീമിംഗിൽ സോണി ലിവ് ആപ്പിലും ഇന്ത്യയിൽ മത്സരം തത്സമയം കാണാനാകും. അലയൻസ് അരീനയിലെ ഓരോ മണൽത്തരിയും പുൽക്കൊടിയും നന്നായി അറിയാം ജർമ്മൻ നിരയ്ക്ക്. കരുത്തിലും കണക്കിലും സ്കോട്‍ലൻഡിനെക്കാൾ ഏറെ മുന്നിലാണെങ്കിലും ഉദ്ഘാടന മത്സരത്തിന് ഇറങ്ങുമ്പോൾ ജർമ്മനിയുടെ ചങ്കിടിപ്പിന് ഒട്ടും കുറവുണ്ടാവില്ല.

പ്രധാന ടൂർണമെൻറുകളിൽ ആദ്യ കടമ്പയിൽ തട്ടിവീഴുന്ന നടുക്കുന്ന ഓർമ്മകളാണ് ജർമ്മൻ താരങ്ങളുടേയും ആരാധകരുടേയും ചങ്കിടിപ്പേറ്റുന്നത്. ടൂർണമെൻറിലെ ഏറ്റവും പ്രായംകുറഞ്ഞ പരിശീലകനായ ജൂലിയൻ നഗൽസ്മാന് കീഴിൽ ദുർവിധികൾ കുടഞ്ഞെറിയാൻ ജർമ്മനി ഒരുങ്ങുമ്പോൾ ആദ്യമായി നോക്കൗട്ടിലേക്ക് നോട്ടമിടുകയാണ് സ്കോട്‍ലൻഡ്.

സ്പെയിൻ, നോർവേ, ജോർജിയ എന്നിവരെ തോൽപിച്ച് എത്തുന്ന സ്കോട്‍ലൻഡ് ആത്മവിശ്വാസത്തിൻറെ നിറവിലാണ്. ന്യൂയർ, കിമ്മിച്ച്, റൂഡിഗർ, ക്രൂസ്, മുസിയാല, ഹാവെ‍ട്സ്, ഗുണ്ടോഗൻ എന്നിവർ ജർമ്മനിയുടെ ആദ്യ ഇലവനിൽ ഇടം പിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, പ്രധാന താരങ്ങൾ പരിക്കേറ്റ് പുറത്തായതോടെ ആൻഡി റോബർട്സൺ, സ്റ്റീവ് മക്ടോമിനെ, ജോൺ മക്ഗിൻ എന്നിവരൂടെ ബുട്ടുകളിലാണ് സ്കോട്‍ലൻഡിൻറെ പ്രതീക്ഷകൾ.

ഫിഫ റാങ്കിംഗിൽ ജർമ്മനി പതിനാറാമതും സ്കോട്‍ലൻഡ് മുപ്പത്തിയൊൻപതാം സ്ഥാനത്തുമാണ്. ഇരു ടീമുകളും ഇതുവരെ നേർക്കുനേർ വന്നത് പതിനേഴ് കളികളിൽ. അതിൽ ജർമ്മനി എട്ടിലും സ്കോട്‍ലൻഡ് നാലിലും ജയിച്ചു. അഞ്ച് മത്സരം സമനിലയിലായി. ഇരുപത്തിയഞ്ച് വർഷം മുൻപാണ് സ്കോട്‍ലൻഡ് അവസാനമായി ജർമ്മനിയെ തോൽപിച്ചത്.

ജർമനിക്കും സ്കോട്‌ലൻഡിനും പുറമെ ഹംഗറിയും സ്വിറ്റ്സർലൻഡുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ആറ് ഗ്രൂപ്പുകളിലെ ആദ്യ രണ്ടുസ്ഥാനക്കാരും നാല് മികച്ച മൂന്നാം സ്ഥാനക്കാരുമാണ് നോക്കൗട്ടിലേക്ക് മുന്നേറുക. ബെ‍ർലിനിലെ ഒളിംപിക് സ്റ്റേഡിയത്തിൽ ജൂലൈ പതിനാലിന് ഫൈനൽ. ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടരയ്ക്കും വൈകിട്ട് ആറരയ്ക്കും രാത്രി ഒൻപതരയ്ക്കുമാണ് മത്സരങ്ങൾ

 

Leave a Reply

Your email address will not be published. Required fields are marked *