Your Image Description Your Image Description

 

ഫ്ലോറിഡ: ടി20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് പോരാട്ടത്തിന് നാളെ കാനഡക്കെതിരെ ഇറങ്ങുമ്പോൾ കഴിഞ്ഞ മനൂന്ന് മത്സരങ്ങളിലും ഓപ്പണറായി ഇറങ്ങിയ വിരാട് കോലിയുടെ ബാറ്റിംഗ് ഫോമാണ് ഇന്ത്യയുടെ വലിയ തലവേദന. ആദ്യ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട കോലി കാനഡക്കെതിരെ നാളെ മൂന്നാം നമ്പറിലേക്ക് തിരിച്ചെത്തുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ആദ്യ മൂന്ന് മത്സരങ്ങളിൽ 1,4,0 എന്നിങ്ങനെയായിരുന്നു കോലിയുടെ സ്കോർ. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ചതിനാൽ കോലിയുടെ ഫോം ഇതുവരെ ഇന്ത്യയ്ക്ക് ആശങ്കയായില്ല. പക്ഷേ സൂപ്പർ എട്ടിലെത്തും മുമ്പ് കോലി ഫോം വീണ്ടെടുക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

ഐപിഎല്ലിൽ ഓപ്പണറായി തിളങ്ങിയ കോലിയെ ദേശീയ ടീമിലും ഓപ്പണറാക്കിയതാണ് പ്രശ്നമെന്ന് വാദിക്കുകയാണ് കോലിയുടെ കടുത്ത ആരാധകർ. ഓപ്പണിങ്ങിൽ ജയ്സ്വാളിനെ എത്തിച്ച് കോലിക്ക് മൂന്നാം നമ്പർ തിരികെ കൊടുക്കണമെന്നാണ് ആരാധകരുടെ ആവശ്യം. അതിനിടെ കോലിയെ പിന്തുണച്ച് മുൻതാരം സുനിൽ ഗവാസകർ രംഗത്തെത്തി. കോലിയുടെ ഫോം സംബന്ധിച്ച് ആശങ്കവേണ്ടെന്നും താരം അൽപംകൂടി ക്ഷമ കാണിക്കണമെന്നും ഗവാസ്കർ പറയുന്നു.

ബാറ്റിങ്ങിൽ ക്യാപ്റ്റൻ രോഹിത് ശർമയുടെ ഫോമും ടീമിന് ആശങ്കയാണ്. ആദ്യ മത്സരത്തിൽ അർധസെഞ്ചുറി നേടിയെങ്കിലും പാക്കിസ്ഥാനെതിരെയും യുഎസ്എയ്ക്കെതിരെയും രോഹിത് പരാജയപ്പെട്ടു. ബാറ്റർമാരിൽ റിഷഭ് പന്ത് മാത്രമാണ് കുറച്ചെങ്കിലും സ്ഥിരതയോടെ കളിക്കുന്നത്. യുഎസിനെതിരെ സൂര്യകുമാർ യാദവ് റൺസ് കണ്ടെത്തിയത് ഇന്ത്യയ്ക്ക് ആശ്വാസമാണ്. തനത് ശൈലിയിൽ നിന്ന് മാറി ടീമിന് ആവശ്യമായ രീതിയിലായിരുന്നു സൂര്യയുടെ ഇന്നിങ്സ്.

മുന്നോട്ടുള്ള കുതിപ്പിന് സൂര്യകുമാർ അടക്കമുള്ള താരങ്ങൾക്ക് കൂടുതൽ സമയം നൽകാനാകും ടീം മാനേജ്മെൻറ് തീരുമാനം. അതിനാൽ തന്നെ നാളെ കാനഡകകെതിരെ അവസാന മത്സരത്തിനിറങ്ങുമ്പോഴും ഇന്ത്യയുടെ പ്ലേയിംഗ ഇലവനിൽ മാറ്റങ്ങൾക്ക് സാധ്യതയില്ലെന്നാണ് സൂചന. അമേരിക്കക്കെതിരെ മധ്യനിരയിൽ ശിവം ദുബെ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തതിനാൽ മലയാളി താരം സഞ്ജു സാംസൺ വീണ്ടും പുറത്തിരിക്കാനാണ് സാധ്യത. ബൗളിംഗ് നിരയിൽ രവീന്ദ്ര ജഡേജക്ക് പകരം നാളെ കുൽദീപ് യാദവിനെ പരീക്ഷിക്കാൻ സാധ്യതയുണ്ട്. അമേരിക്കക്കെതിരെ ജഡേജ ഒരോവർ പോലും പന്തെറിഞ്ഞിരുന്നില്ല. സ്പിൻ ഓൾ റൗണ്ടറായി അക്സർ പട്ടേൽ തുടരുമ്പോൾ പേസ് നിരയിലും മാറ്റത്തിന് സാധ്യത കുറവാണ്. പേസ് ഓൾ റൗണ്ടറായി ഹാർദ്ദിക് പാണ്ഡ്യയും ടീമിൽ തുടരും.

Leave a Reply

Your email address will not be published. Required fields are marked *