Your Image Description Your Image Description

 

തിരുവനന്തപുരം: കേരളത്തിലുടനീളമുള്ള സർക്കാർ ഐടിഐകളിൽ നിന്നുള്ള 175 ഓളം വിദ്യാർത്ഥി ട്രെയിനികൾ വിവിധ മേഖലകളിലെ സംരംഭക വിദഗ്ധരുടെ മുന്നിൽ അവതരിപ്പിച്ച പ്രോജക്ടുകൾ തിരുവനന്തപുരത്തു നടന്ന ലീപ്പ് സംരംഭക സംസ്ഥാന സമ്മിറ്റ് 2024 ലെ പ്രധാന ആകർഷണമായി. കേരള സംസ്ഥാന ഇൻഡസ്ട്രിയൽ ട്രെയിനിങ് വകുപ്പും ഉദ്യം ലേണിംഗ് ഫൗണ്ടേഷനും സംയുക്തമായി ആമസോണിന്റെ സഹകരണത്തോടെ നടത്തുന്ന ലീപ്പ് പദ്ധതിയുടെ ഭാഗമായി ജൂൺ 12-13 തിയ്യതികളിലാണ് ലീപ്പ് എൻ്റർപ്രണേഴ്‌സ് സംസ്ഥാന സമ്മിറ്റ് സംഘടിപ്പിച്ചത്. ട്രെയിനികൾ അവതരിപ്പിച്ച 100 പ്രോജക്ടുകളിൽ നിന്ന് മികച്ചവയ്ക്ക് സമ്മിറ്റിൽ അവാർഡുകൾ സമ്മാനിച്ചു. ട്രെയിനികൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ള സംരംഭകത്വ മനോഭാവ പ്രോത്സാഹന പരിപാടിയാണ് ‘ലിവറെജിങ് എന്റർപ്രെനൂറിയൽ ആക്ഷൻ പ്രോഗ്രാം’ എന്ന ‘ലീപ്പ്’.

2024 ജൂൺ 12-ന് ആരംഭിച്ച ദ്വിദിന പരിപാടിയിൽ സംരംഭകത്വം, ബിസിനസ്സ് ഫിനാൻസ്സ് , ബ്രാൻഡിംഗ്, ആശയവിനിമയം, ആത്മവിശ്വാസം വളർത്തൽ എന്നീ വിഷയങ്ങളിൽ സെഷനുകൾ നടന്നു. പരിപാടിയുടെ സമാപന ദിവസമായ ജൂൺ 13 ന്, കേരള സർക്കാർ ഐടിഐകളിൽ നിന്നുള്ള വിദ്യാർത്ഥി ട്രെയിനികളുടെ പ്രോജക്ടുകൾ വിദഗ്ധർ വിലയിരുത്തുകയും മികച്ച ബിസിനസ് പ്രോജക്ടുകളെ തിരഞ്ഞെടുക്കുകയും ചെയ്തു. സമാപനച്ചടങ്ങിൽ സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടർ ഡോ. വീണ എൻ മാധവൻ ഐഎഎസ് മുഖ്യാതിഥിയായിരുന്നു.

എറണാകുളം ഗവ. കളമശ്ശേരി ഐടിഐ-ലെ ഹരികൃഷ്ണൻ ജെ, അതുൽ മനോജ് എന്നിവരുടെ അഗർബത്തി പ്രൊഡക്ഷൻ ബിസിനസ് പ്രൊജക്ട്, കോട്ടയം പള്ളിക്കത്തോട് ഐടിഐ-ലെ സ്മിനുരഥ് പി എ യുടെ മൾട്ടി ലോക്ക് കംമ്പ്രെസ്സിങ് സോയിൽ ബ്രിക്‌സ് ബിസിനസ് പ്രൊജക്ട്, കാസറഗോഡ് കുറ്റിക്കോൽ ഐടിഐ-യിലെ അഭിരാമിന്റെ ചിരട്ട കരകൗശല ബിസിനസ്സ് പ്രൊജക്ട് എന്നിവക്ക് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചു.

ലീപ്പ് പദ്ധതിയുടെ മികച്ച നടത്തിപ്പിനും ട്രെയിനികളുടെ ബിസിനസ് പ്രോജക്ടുകൾ പ്രോത്സാഹിപ്പിക്കുന്നതിനും നൽകിയ സംഭാവനകൾക്ക് നാല് ഐടിഐകളെയും 8 അധ്യാപകരെയും പരിപാടിയുടെ ഭാഗമായി ആദരിച്ചു. തിരഞ്ഞെടുക്കപ്പെട്ട മികച്ച മൂന്ന് ബിസിനസ് പ്രോജക്ടുകൾ/ടീമുകൾ ന്യൂ ഡൽഹിയിൽ നടക്കുന്ന സർവോ ഉദ്യം നാഷണൽ എൻ്റർപ്രണേഴ്‌സ് ചലഞ്ചിൽ പങ്കെടുക്കും. ഉദ്യം ലേണിംഗ് ഫൗണ്ടേഷൻ്റെ രാജ്യത്തുടനീളമുള്ള വിവിധ സംസ്ഥാനതല പരിപാടികളുടെ ഭാഗമായി സ്ഥാപിതമായ യുവസംരംഭകരുടെ പൂർവ്വ വിദ്യാർത്ഥി ശൃംഖലയാണ് സർവോ ഉദ്യം. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ദ്വിദിന പരിപാടിയിൽ തിരഞ്ഞെടുക്കപ്പെട്ട ടീമുകൾക്ക് സർവോ ഉദ്യം പരിപാടിയിൽ പങ്കെടുക്കാൻ വിമാന യാത്ര, ഭക്ഷണം, താമസം എന്നിവയുടെ ചിലവ് ഉദ്യം ലേണിംഗ് ഫൗണ്ടേഷൻ വഹിക്കും. സർവോ ഉദ്യം നാഷണൽ എൻ്റർപ്രണേഴ്‌സ് ചലഞ്ചിൻ്റെ ഭാഗമായി 10 ലക്ഷം രൂപയുടെ സമ്മാനങ്ങൾക്കായി ടീമുകൾ മത്സരിക്കും.

രണ്ട് ദിവസത്തെ പരിപാടിയിൽ പങ്കെടുത്ത ട്രെയിനികൾക്ക് സംരംഭകരുമായി സംവദിക്കാനും അവരുടെ ബിസിനസ് യാത്രയെക്കുറിച്ച് അറിയാനും കഴിഞ്ഞു. ഡിഫറൻറ് ആർട്ട് സെൻ്റർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്; പ്യുവർലിവിങ് സ്ഥാപകയായ സാമൂഹിക സംരംഭക ലക്ഷ്മി മേനോൻ; മൈൻഡ് പവർ ട്രെയിനർ ആക്റ്റീവ് മൈൻഡ്‌സ് ഡയറക്ടർ ദിലീപ് വർക്കി; ഐസിടി അക്കാദമി ഓഫ് സ്കിൽസ് കോംപിറ്റൻസി മാനേജ്മെൻ്റ് ആൻഡ് ഇന്നൊവേഷൻ വിഭാഗം പ്ലാനിംഗ് മേധാവി ഡോ. മനോജ് എ എസ്; മാർ ബസേലിയോസ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജി കോളേജ് അസിസ്റ്റൻ്റ് പ്രൊഫസർ അരുൺ ജെ.എസ്; ടെക്സെൽ മീഡിയ സി ഇ ഒ ജിജോഷ്; ഗ്രാൻ്റ് ഐഡിയാസിലെ സാജൻ എസ് നാഥൻ; എക്‌സ്‌പ്ലോർ വേൾഡിൻ്റെ മാനേജിംഗ് പാർട്‌ണർമാരായ മനുഫ് ഖാനും അനന്തകൃഷ്ണനും; അന്ന ബേക്ക്സ് സ്ഥാപക അന്ന മറിയം എന്നിവരുൾപ്പെടെയുള്ള വിദഗ്ധർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു.

തിരുവനന്തപുരത്തെ അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലും (എ സി എസ് ടി ഐ), ടെക്‌നോപാർക്കിലുമാണ് പരിപാടി സംഘടിപ്പിച്ചത്. സംരംഭകത്വ മനോഭാവം പാഠ്യപദ്ധതിയിലൂടെ കൈവരിക്കുന്നതിനൊപ്പം കേരള സർക്കാർ ഐടിഐകളിൽ നിന്ന് 1000 വിദ്യാർത്ഥി സംരംഭകരെ സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങൾ ലീപ്പ് പദ്ധതിയിലൂടെ 2022-23 മുതൽ 104 സർക്കാർ ഐടിഐകളിൽ നടത്തി വരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *