Your Image Description Your Image Description

മലപ്പുറം: മലപ്പുറത്ത് സെവൻസ് ഫുട്ബോള്‍ കളിക്കാനെത്തിയ വിദേശ താരത്തെ പണം നൽകാതെ വഞ്ചിച്ചതായി പരാതി. കഴിഞ്ഞ ആറ് മാസമായി പണമില്ലാതെ മലപ്പുറത്ത് കുടുങ്ങിയ ഐവറി കോസ്റ്റ് താരമാണ് പരാതിയുമായി എസ്‌പിയെ സമീപിച്ചത്.

ജനുവരിയിലാണ് ഐവറി കോസ്റ്റ് സ്വദേശിയായ കാങ്ക കൗസി മലപ്പുറത്ത് എത്തിയത്. കേരളത്തില്‍ സെവൻസ് ഫുട്ബോളില്‍ കളിക്കാനായി കെ. പി നൗഫൽ എന്ന ഏജന്‍റുമായി കരാറിൽ ഏർപ്പെട്ടിരുന്നു. ഓരോ മത്സരത്തിനും 2500 രൂപ വീതമായിരുന്നു വാഗ്ദാനം. എന്നാൽ സീസണിൽ ആകെ കളിപ്പിച്ചത് രണ്ട് മത്സരങ്ങളിൽ മാത്രം. അതിന്‍റെ പണം പോലും താരത്തിന് നല്‍കിയതുമില്ല. പണം മാത്രമല്ല, കരാറിൽ പറഞ്ഞ താമസമോ പ്രതിഫലമോ കാങ്ക കൗസിക്ക് കിട്ടിയില്ല. നിവര്‍ത്തിയില്ലാതായതോടെ താരം നാട്ടിലേക്ക് മടങ്ങാമെന്ന് കരുതിയെങ്കിലും അതിനും വേണമല്ലോ പണം. വീസ കാലാവധി ജൂലൈ മൂന്നിന് തീരുമെന്നതാണ് മുന്നിലുള്ള മറ്റൊരു വെല്ലുവിളി. എല്ലാവരും കയ്യൊഴിഞ്ഞതോടെ കാങ്ക കൗസി സങ്കടവുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസുകാര്‍ താരത്തിന് ഭക്ഷണം വാങ്ങി നല്‍കി ആശ്വസിപ്പിച്ചു. സെവന്‍സ് കളിപ്പിക്കാം എന്ന് പറഞ്ഞ് താന്‍ കബളിക്കപ്പെട്ടതായി താരം എസ്‌പിക്ക് പരാതി നല്‍കി.

അതേസമയം, നെല്ലിക്കുത്ത് എഫ്‌സിയുടെ പേരിൽ വ്യാജ രേഖ ചമ്മച്ചാണ് ഏജന്‍റ് നൗഫല്‍ താരത്തെ കൊണ്ട് വന്നതെന്ന് ക്ലബ്‌ ഭാരവാഹികള്‍ വ്യക്തമാക്കി. കബളിപ്പിച്ചെന്ന് കാങ്ക കൗസി പരാതിപ്പെട്ട ഏജന്‍റ് നൗഫലിനെ പൊലീസ് സംഭവത്തിന്‍റെ നിജസ്ഥിതിയറിയാന്‍ വിളിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *