Your Image Description Your Image Description

ഇടുക്കി: വാ​ഗമണ്ണിൽ ഒറ്റമുറി വീട്ടിൽ താമസിക്കുന്ന വയോധികക്ക് അരല​ക്ഷത്തിന്റെ വൈദ്യുതി ബില്ല് ലഭിച്ച സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. ഉദ്യോ​ഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. അന്വേഷണത്തിന് ശേഷം ആവശ്യമെങ്കിൽ തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇടുക്കി വാഗമണ്ണിൽ ഒറ്റമുറി വീട്ടിൽ കഴിയുന്ന വയോധികയ്ക്കാണ് അൻപതിനായിരം രൂപയുടെ വൈദ്യുതി ബിൽ നൽകി കെ എസ് ഇ ബി ഞെട്ടിച്ചത്. വാഗമൺ വട്ടപ്പതാൽ സ്വദേശി അന്നമ്മയ്ക്കാണ് കെ എസ് ഇ ബി യുടെ ഇരുട്ടടി. ഭീമമായ ബിൽ ഒഴിവാക്കാൻ പീരുമേട് സെക്ഷൻ ഓഫീസിൽ വിശദീകരണം നൽകിയെങ്കിലും ഒറ്റമുറി വീട്ടിലെ വൈദ്യുതി ബന്ധം വിശ്ചേദിക്കുയാണ് കെ എസ് ഇ ബി ചെയ്തത്.

വർഷങ്ങൾക്ക് മുൻപ് ഭർത്താവ് മരിച്ചതിനെ തുടന്ന് കൂലിപ്പണിയെടുത്താണ് അന്നമ്മ ജീവിക്കുന്നത്. ആരോഗ്യ സ്ഥിതി മോശമായതോടെ പണിയെടുക്കാനും വയ്യാതായി. മുൻപ് പരമാവധി 400 രൂപയാണ് വൈദ്യുതി ബിൽ ലഭിച്ചിരുന്നത്. ഇത് കൃത്യമായി അടക്കുന്നുമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ മാസം 15 ന് 49,710 രൂപയുടെ ഷോക്കടിപ്പിക്കുന്ന വൈദ്യുതി ബില്ലാണ് അന്നമ്മയുടെ കൈയിലെത്തിയത്.

ഇതോടെ കെഎസ് ഇബിയുടെ പീരുമേട് സെക്ഷൻ ഓഫീസിൽ പരാതിയുമായെത്തി. എന്നാൽ പരിഹരിക്കാൻ തയ്യാറായില്ലെന്ന് മാത്രമല്ല ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നുമാണ് അന്നമ്മയുടെ ആരോപണം. തുക അടക്കാൻ നിർവാഹമില്ലാത്തതിനാൽ വൈദ്യുതി ബന്ധം വിശ്ചേദിച്ചതോടെ ഒറ്റമുറി വീട്ടിൽ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലാണിപ്പോൾ അന്നമ്മ കഴിയുന്നത്. ഇഴ ജന്തുക്കളുടെ ശല്യമുള്ള പ്രദേശത്ത് കെ എസ് ഇ ബി യുടെ ഈ നടപടിയിൽ പ്രതിഷേധവും ഉയര്‍ന്നിരുന്നു. മീറ്റർ റീഡിംഗ് എടക്കുന്നതിൽ വന്ന അനാസ്ഥയാണ് ഭീമമായ ബിൽ വരാൻ കാരണമെന്നാണ് സംശയം. കുടിശിഖ വന്നതിനാലാണ് വൈദ്യുതി വിശ്ചേദിച്ചതെന്നും പരാതിയിൽ അന്വേഷണം നടത്തുമെന്നുമാണ് കെ എസ് ഇ ബിയുടെ വിശദീകരണം. ഈ സാഹചര്യത്തിലാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *