Your Image Description Your Image Description

 

ന്യൂയോർക്ക്: ടി20 ലോകകപ്പിൽ ബുധനാഴ്ച ഇന്ത്യ അയർലൻഡിനെ നേരിടാനിറങ്ങുമ്പോൾ രോഹിത് ശർമക്കൊപ്പം ആരാകും ഇന്ത്യക്കായി ഓപ്പണറായി ഇറങ്ങുക എന്ന ആകാംക്ഷയിലാണ് ആരാധകർ. ലോകകപ്പിന് മുമ്പ് ബംഗ്ലാദേശിനെതിരെ നടന്ന സന്നാഹ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണാണ് രോഹിത്തിനൊപ്പം ഓപ്പൺ ചെയ്തത്. എന്നാൽ വിരാട് കോലി തിരിച്ചെത്തിയാൽ രോഹിത്തും കോലിയും ഓപ്പണറാകുമെന്നാണ് റിപ്പോർട്ടുകൾ.

ഐപിഎല്ലിൽ നിറം മങ്ങിയ യശസ്വി ജയ്സ്വാൾ ഓപ്പണറായി ടീമിലുണ്ടെങ്കിലും ഐപിഎല്ലിൽ ഓപ്പണറായി ഇറങ്ങി റൺവേട്ടയിൽ ഒന്നാമത് എത്തിയ കോലി തന്നെ ലോകകപ്പിലും ഓപ്പണറാകട്ടെ എന്നാണ് ഇന്ത്യൻ ടീം മാനേജ്മെൻറിൻറെ നിലപാടെന്നാണ് സന്നാഹ മത്സരം സൂചിപ്പിക്കുന്നത്. കോലി ഓപ്പണറായി ഇറങ്ങിയാൽ യശസ്വി പ്ലേയിംഗ ഇലവനിൽ നിന്ന് പുറത്താവും. മൂന്നാം നമ്പറിൽ സഞ്ജു സാംസണ് സാധ്യത തെളിയുകയും ചെയ്യും. ഈ സാഹചര്യത്തിൽ രോഹിത് ശർമയും വിരാട് കോലിയും അവസാനമായി ഓപ്പണർമാരായി ഇറങ്ങിയ മത്സരത്തിലെ പ്രകടം എങ്ങനെയായിരുന്നുവെന്ന് നോക്കുന്നത് കൗതുകകരമായിരിക്കും.

മൂന്ന് വർഷം മുമ്പ് 2021ലാണ് രോഹിത്തും കോലിയും ടി20യിൽ ഇന്ത്യക്ക് വേണ്ടി അവസാനമായി ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിലായിരുന്നു അത്. കൊവിഡ് പശ്ചാത്തലത്തിൽ നടന്ന മത്സരം അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു നടന്നത്. അന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനെത്തിയ കോലിയും രോഹിത്തും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ അടിച്ചുകൂട്ടിയത് 9 ഓവറിൽ 94 റൺസായിരുന്നു.

ക്യാപറ്റനായിരുന്ന കോലി ജോഫ്ര ആർച്ചറും മാർക്ക് വുഡും ക്രിസ് ജോർദ്ദാനും സാം കറനും ആദിൽ റഷീദുമെല്ലാം അടങ്ങിയ ബൗളിംഗ് നിരക്കെതിരെ തകർത്തടിച്ച് 52 പന്തിൽ 80 റൺസെടുത്തപ്പോൾ രോഹിത്തിന് ആയിരുന്നു കൂടുതൽ പ്രഹരശേഷി. 34 പന്തിൽ 188.23 സ്ട്രൈക്ക് റേറ്റിൽ 64 റൺസാണ് രോഹിത് അടിച്ചെടുത്തത്. തുടക്കത്തിൽ തകർത്തടിച്ച രോഹിത്താണ് അന്ന് പവർപ്ലേയിൽ ഇന്ത്യൻ സ്കോർ ഉയർത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 224 റൺസടിച്ചപ്പോൾ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 188 റൺസെ നേടാനായിരുന്നുള്ളു. 36 റൺസിന് മത്സരം ജയിച്ച ഇന്ത്യ അഞ്ച് മത്സര പരമ്പര 3-2ന് സ്വന്തമാക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *