
പുനലൂർ: പേവിഷബാധയേറ്റ് എട്ടുവയസ്സുകാരി നിയ ഫൈസൽ മരിച്ച സംഭവത്തിൽ പുനലൂർ താലൂക്ക് ആശുപത്രി അധികൃതർക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന ക്രൈംബ്രാഞ്ച് പ്രാഥമിക കണ്ടെത്തലിനെതിരെ വിമർശനവുമായി കുട്ടിയുടെ അമ്മ ഹബീറ. ആശുപത്രി സൂപ്രണ്ടിനും ഡോക്ടർമാർക്കുമെതിരെ കേസെടുത്തത് ചികിത്സയിലെ പിഴവ് മൂലമാണെന്നും, തെറ്റ് പറ്റിയിട്ടും അത് അംഗീകരിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നും അവർ ആരോപിച്ചു. കുട്ടിക്ക് നൽകിയ വാക്സിൻ ഏതാണെന്ന് കൃത്യമായി വ്യക്തമാക്കണമെന്നും അമ്മ ആവശ്യപ്പെട്ടു.
കുട്ടിക്ക് നൽകേണ്ട ഇമ്യൂണോ ഗ്ലോബുലിൻ വാക്സിൻ കൃത്യമായി നൽകിയിട്ടുണ്ടെന്നാണ് അമ്മയുടെ പരാതി അന്വേഷിച്ച ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. എന്നാൽ, മെഡിക്കൽ ബോർഡിന്റെ അന്തിമ റിപ്പോർട്ട് വന്നതിനു ശേഷം മാത്രമേ ചികിത്സാ പിഴവുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരൂ എന്നും പുനലൂർ പോലീസിന്റെ അന്വേഷണം വേഗത്തിലാക്കണമെന്നും ക്രൈംബ്രാഞ്ച് നിർദേശിച്ചിട്ടുണ്ട്.
2025 ഏപ്രിൽ 8-നാണ് വിളക്കുടിയിലെ വീടിനടുത്ത് വെച്ച് നിയയ്ക്ക് തെരുവ് നായയുടെ കടിയേൽക്കുന്നത്. തുടർന്ന് വാക്സിൻ എടുത്തെങ്കിലും പേവിഷബാധയേറ്റ് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ കുട്ടി മരണപ്പെടുകയായിരുന്നു. ബന്ധുക്കളുടെ ഹർജിയിൽ കോടതി നിർദേശപ്രകാരമാണ് പുനലൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് അടക്കം നാല് ഡോക്ടർമാർക്കെതിരെ പോലീസ് കേസെടുത്തത്
