Your Image Description Your Image Description

ഗാസ: 2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിൽ കടന്നുകയറി നടത്തിയ ആക്രമണത്തിന് പിന്നാലെ ആരംഭിച്ച യുദ്ധത്തിൽ ​ഗാസയിൽ കൊല്ലപ്പെട്ടത് 60034 പലസ്തീനികൾ. പലസ്തീനിലെ ആരോഗ്യ വിഭാഗമാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ​ഗാസയിൽ യുദ്ധ മുഖത്ത് സഹായമെത്തിക്കുകയായിരുന്ന 81 വളണ്ടിയർമാരും കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. 662 ദിവസത്തിനിടെയാണ് ഇത്രയേറെ പേർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നാണ് പലസ്തീൻ ആരോ​ഗ്യ വിഭാ​ഗം പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നത്.

ഓരോ ദിവസവും 90 പേരെങ്കിലും കൊല്ലപ്പെടുന്നുവെന്ന ഞെട്ടിക്കുന്ന കണക്കാണിത്. ഭക്ഷണം കിട്ടാതെ മരിച്ച 147 പേരിൽ 88 പേർ കുഞ്ഞുങ്ങളാണെന്നും കണക്കുകൾ പറയുന്നു. ഗാസയിൽ ഇപ്പോഴുള്ള മൂന്നിലൊന്ന് പേർക്കും ദിവസം ഒരു നേരം പോലും ഭക്ഷണം ലഭിക്കുന്നില്ല. പോഷകാഹാരം ലഭിക്കാതെ 20000 ത്തോളം കുട്ടികളെ ഏപ്രിൽ മാസത്തിന് ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 3000 പേരുടെ സ്ഥിതി ഗുരുതരമാണ്.

സെപ്തംബറോടെ സ്ഥിതി അതീവ ഗുരുതരമാകുമെന്നാണ് വിലയിരുത്തൽ. അതോടെ ഗാസയിലെ മുഴുവൻ ജനവും കടുത്ത ഭക്ഷ്യക്ഷാമം നേരിടും. 5ലക്ഷത്തിലധികം പേർ കൊടും പട്ടിണിയിലേക്ക് തള്ളപ്പെടും. ഈ സാഹചര്യമൊഴിവാക്കാൻ സൈനിക നീക്കത്തിൽ നിന്നും അതിർത്തിയിലെ നിയന്ത്രണങ്ങളിൽ നിന്നും ഇസ്രയേലിനെ പിൻവലിപ്പിക്കാൻ ശ്രമിക്കുകയാണ് ലോകരാഷ്ട്രങ്ങൾ.

ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അം​ഗീകരിക്കുമെന്ന പ്രഖ്യാപനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെർ രം​ഗത്തെത്തി. ​ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ സെപ്റ്റംബറിൽ പലസ്തീൻ രാഷ്ട്രത്തെ ബ്രിട്ടൻ അം​ഗീകരിക്കുമെന്നാണ് കിയേർ സ്റ്റാമെറിന്റെ പ്രഖ്യാപനം. മന്ത്രിസഭാ യോ​ഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുഴുവൻ ബന്ദികളെയും മോചിപ്പിക്കാൻ ഹമാസ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ഗാസയിലെ ഭയാനകമായ സാഹചര്യം അവസാനിപ്പിക്കാൻ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കണം. വെടിനിർത്തൽ നടപ്പാക്കണം. വെസ്റ്റ് ബാങ്കിൽ അധിനിവേശം ഉണ്ടാകില്ലെന്ന് വ്യക്തമാക്കണം. ദ്വിരാഷ്ട്ര പരിഹാരം യാഥാർത്ഥ്യമാക്കുന്ന ദീർഘകാല സമാധാന പ്രക്രിയയ്ക്ക് പ്രതിജ്ഞാബദ്ധമാകണം. ഈ നിബന്ധനകൾ പാലിക്കാത്തപക്ഷം പലസ്തീനെ സെപ്റ്റംബറിൽ സ്വതന്ത്രരാഷ്ട്രമായി ബ്രിട്ടൻ അംഗീകരിക്കും. ഇസ്രയേലും ഹമാസും തമ്മിൽ തുല്യതയില്ല. ഹമാസിന് മുന്നിൽവയ്‌ക്കുന്ന ആവശ്യങ്ങൾ അതേപടി തുടരുന്നു. ഹമാസ് എല്ലാ ബന്ദികളെയും മോചിപ്പിക്കണം. വെടിനിർത്തലിന് സമ്മതിക്കണം. ഗാസയുടെ ഭരണത്തിൽ അവർക്ക് ഒരു പങ്കും ഉണ്ടാകില്ലെന്ന് അംഗീകരിക്കണം. കൂടാതെ നിരായുധരാകണം’ – സ്റ്റാമെർ പറഞ്ഞു.

പലസ്തീൻ സ്വതന്ത്രരാഷ്ട്ര പ്രഖ്യാപനം സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ചർച്ച നടത്തിയെന്നും സ്റ്റാമെർ പറഞ്ഞു. പട്ടിണിയിലായ ഗാസ ജനതയ്‌‌ക്ക് ആവശ്യമായ സഹായം എത്രയും വേഗം എത്തിച്ചുനൽകണമെന്ന് ഐക്യരാഷ്ട്ര സംഘടനയോട് അദ്ദേഹം അഭ്യർഥിച്ചു. എന്നാൽ പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കുന്നതു സംബന്ധിച്ച് സ്റ്റാമെറുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിച്ചിട്ടില്ലെന്ന് ട്രംപ് പ്രതികരിച്ചു. അതേസമയം, പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കുമെന്ന ബ്രിട്ടന്റെ പ്രഖ്യാപനം ഹമാസിനുള്ള പ്രതിഫലമാണെന്നും ഗാസയിൽ വെടിനിർത്തൽ കൈവരിക്കാനുള്ള ശ്രമങ്ങളെ ദോഷകരമായി ബാധിക്കുമെന്നും ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബറിലാകും ഫ്രാൻസ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിൽ വച്ച് ഫ്രാൻസ് പ്രതിനിധി പലസ്തീനെ രാജ്യമായി അംഗീകരിച്ചുള്ള പ്രഖ്യാപനം നടത്തുമെന്നാണ് മാക്രോൺ വെളിപ്പെടുത്തിയത്.

ഗാസയിലെ യുദ്ധം അവസാനിപ്പിക്കുകയും സാധാരണക്കാരെ രക്ഷിക്കുകയുമാണ് അടിയന്തരമായി ചെയ്യേണ്ടതെന്നും ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു. ഗാസയിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്നും ഹമാസിനെ നിരായുധീകരിക്കുകയും ഗാസയെ പുനർ നിർമ്മിക്കുകയും വേണമെന്നും എക്സിൽ കുറിച്ചു. ഇസ്രയേലിനെ പൂർണ്ണമായി അംഗീകരിച്ചു കൊണ്ട് തന്നെ പലസ്തീൻ രാഷ്ട്രം കെട്ടിപ്പെടുക്കണമെന്നും മധ്യപൂർവ്വ ദേശത്തെ സമാധാനത്തിനായി മറ്റു ബദലുകളില്ലെന്നും മാക്രോൺ കൂട്ടിച്ചേർത്തു.

സെപ്റ്റംബറിൽ ന്യൂയോർക്കിൽ നടക്കുന്ന യുഎൻ ജനറൽ അസംബ്ലിയുടെ സമ്മേളനത്തിലാകും പലസ്തീനെ സ്വതന്ത്ര പരമാധികാര രാജ്യമായി അം​ഗീകരിക്കുന്നതായി ഫ്രാൻസ് പ്രഖ്യാപിക്കുക. മാക്രോണിന്റെ തീരുമാനത്തെ പലസ്തീൻ ഉദ്യോഗസ്ഥർ സ്വാഗതം ചെയ്തു. അതേസമയം ഫ്രാൻസിന്റെ തീരുമാനത്തെ “ഭീകരതയ്ക്കുള്ള പുരസ്കാരം” എന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിശേഷിപ്പിച്ചത്.

Related Posts