Your Image Description Your Image Description

ലണ്ടൻ: 58 വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു കുറ്റകൃത്യത്തിന് 92 വയസുകാരന് ജീവപര്യന്തം ശിക്ഷ വിധിച്ചു. ഇംഗ്ലണ്ടിലെ ബ്രിസ്‌റ്റോളിൽ 1967-ൽ ബലാത്സംഗത്തിനിടെ മുതിർന്ന പൗരയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിയെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. കഴിഞ്ഞ 58 വർഷവും ഈ കേസിലും സമാനമായ കേസുകളിലും പ്രതിയെ കണ്ടെത്താനാവാതെ പോലീസ് കുഴങ്ങി. എന്നാൽ എൺപതുകളിൽ തുടക്കമിട്ട് രണ്ടായിരത്തോടെ പൂർണതയിലെത്തിയ ഡിഎൻഎ(ഡിഓക്‌സിറൈബോ ന്യൂക്ലിക് ആസിഡ്) പരിശോധനയുടെ ഫലം പോലീസിനെ തുണച്ചു.

കുറ്റകൃത്യം നടന്ന സമയത്ത് 34 വയസ് ഉണ്ടായിരുന്ന റൈലാൻഡ് ഹെഡ്ലിക്ക് ഇപ്പോൾ പ്രായം 92. ഇയാൾക്കെതിരെ രണ്ട് കേസുകൾ കൂടിയുണ്ട്. ഇതിലുള്ള ശിക്ഷാവിധിയും താമസിയാതെ ഉണ്ടാവും. ബ്രിസ്‌റ്റോളിലെ ലൂയിസ് ഡൺ എന്ന എഴുപത്തഞ്ചുകാരിയെയാണ് ഇയാൾ ബലാത്സംഗം ചെയ്ത് കൊന്നത്.

രണ്ടു തവണ വിവാഹിതയായെങ്കിലും ലൂയിസ് ഡൺ ഒറ്റയ്ക്കായിരുന്നു താമസം. 1967 ജൂൺ 28-ന് പുലർച്ചെ പത്രം വീട്ടുമുറ്റത്തു കിടക്കുന്നതു കണ്ടാണ് അയൽക്കാർ കാര്യം അന്വേഷിക്കുന്നത്. പിന്നീട് ഇവരെ മുൻവശത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴുത്തിൽ ചതവുകളുണ്ടായിരുന്നു. വാ പൊത്തിപ്പിടിച്ചതിന്റെ സൂചനയുമുണ്ടായിരുന്നു. ഫൊറൻസിക് തെളിവുകൾ പരിമിതമായിരുന്നു. ഒരു കൈപ്പത്തിയുടെ ഭാഗികമായ അടയാളം മാത്രമേ വീണ്ടെടുക്കാനായുള്ളൂ.

ഡണ്ണിന്റെ വീടിന്റെ രണ്ടര കിലോമീറ്റർ ചുറ്റളവിലുള്ള 15-നും 60-നും ഇടയിൽ പ്രായമുള്ള എല്ലാ പുരുഷന്മാരുടെയും കൈപ്പത്തിയുടെ അടയാളങ്ങൾ പോലീസ് ശേഖരിച്ചു. മോഷണത്തിനോ ലൈംഗികാതിക്രമത്തിനോ ശിക്ഷിക്കപ്പെട്ടവർ, ഭവനരഹിതർ, കുറ്റകൃത്യം നടന്ന ദിവസം അനുമതിയില്ലാതെ അവധിയിൽ പ്രവേശിച്ച സൈനികർ തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു. പോലീസ് 8,000 വീടുകളിൽ സന്ദർശനങ്ങൾ നടത്തുകയും 2,000 സാക്ഷിമൊഴികൾ രേഖപ്പെടുത്തുകയും ചെയ്തു.

പോലീസ് പരിശോധന നടത്തിയ രണ്ടര കിലോ മീറ്റർ പരിധിക്കു പുറത്തായിരുന്നു ഹെഡ്‌ലിയുടെ താമസം. അന്നേവരെ അയാൾക്കെതിരെ ഒരു കേസും ചമത്തപ്പെട്ടിരുന്നില്ല. ആദ്യത്തെ കുറ്റകൃത്യം പിടിക്കപ്പെടാതിരുന്നത് ഇയാൾക്കു വളമായി മാറി. ലൂയിസ് ഡണിനെ കൊലപ്പെടുത്തിയ മാതൃകയിൽ പത്ത് വർഷത്തിനു ശേഷം ഹെഡ്‌ലി രണ്ട് കൊലപാതകങ്ങൾ കൂടി നടപ്പാക്കി. ഇതിലും മുതിർന്ന സ്ത്രീകളായിരുന്നു ഇരകൾ. ഒരാൾക്ക് വയസ് 84. മറ്റൊരാൾക്ക് 79. രണ്ടു പേരെയും ബലാത്സംഗം ചെയ്താണ് കൊലപ്പെടുത്തിയത്. ഇത്തവണ പക്ഷേ, ഇയാളുടെ വിരലടയാളം പോലീസിനു കിട്ടി. രണ്ടു കേസിലും ഹെഡ്‌ലിക്ക് ശിക്ഷയും ലഭിച്ചു. രണ്ട് ബലാത്സംഗ കേസുകളിലും 10 മോഷണ കേസുകളിലും ഹെഡ്ലി കുറ്റം സമ്മതിച്ചു.

ലൂയിസ് ഡൺ കൊലക്കേസിൽ, ആ സമയത്തെ ശാസ്ത്രീയ പരിശോധനകളുടെ പരിമിതമായ പുരോഗതി കാരണം അന്വേഷണം പിന്നീട് നിലച്ചു. 2023-ൽ കേസ് ഫയലുകൾ പുനഃപരിശോധിച്ചതിനെ തുടർന്നാണ് ഹെഡ്‌ലിയുടെ മേൽ കുറ്റം ചുമത്തപ്പെട്ടത്. ഇത് ലഭ്യമായ തെളിവുകളെക്കുറിച്ച് പുതിയ അന്വേഷണത്തിന് കാരണമായി. ലൂയിസ് ഡണിന്റെ വസ്ത്രത്തിലുണ്ടായിരുന്ന ബീജത്തിലെ ഡിഎൻഎയുമായി ഇയാളുടെ ഡിഎൻഎ യോജിക്കുന്നതായി കണ്ടെത്തി.

ഹെഡ്‌ലിയുടെ ഡിഎൻഎ 2012-ൽ മാത്രമാണ് പോലീസ് ഡാറ്റാബേസിലേക്ക് ചേർത്തത്. 2023-ൽ, ഇത്തരം കേസുകൾ കണ്ടുപിടിക്കുന്നതിൽ വിദഗ്ധയായ ജോവാൻ സ്മിത്ത് ഡണ്ണിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകൾ പുനഃപരിശോധിച്ചു. ലൂയിസ് ഡൺ ധരിച്ചിരുന്ന പാവാടയുടെ പരിശോധനയിൽനിന്ന് ബീജ സാമ്പിൾ ലഭിച്ചു. ഇതിന്റെ ഡിഎൻഎ ഫലം ഹെഡ്‌ലിയിൽ എത്തി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts