
മുംബൈ: വേഷം മാറി തെരുവിലിരുന്നപ്പോൾ മുന്നിലെത്തിയത് 20 രൂപയും ഒരു സമൂസയും. മഹാരാഷ്ട്രയിലെ ഏറ്റവും സമ്പന്നനായ എംഎൽഎയെന്നറിയപ്പെടുന്ന പരാഗ് ഷായാണ് സ്വന്തം മണ്ഡലത്തിലെ തെരുവിൽ യാചകവേഷത്തിലെത്തിയത്. 3,383 കോടിയുടെ ആസ്തിയുള്ള ഷായുടെ ഈ അനുഭവം പിന്നീട് ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തന്നെ മാറ്റിയെന്നാണ് അദ്ദേഹം പറയുന്നത്.
ജൈനഗുരുവിന്റെ നിർദേശപ്രകാരമാണ് പരാഗ് ഷാ ഒരു പകൽ ഭിക്ഷയാചിക്കാൻ ഇറങ്ങിയത്. മുഷിഞ്ഞ വേഷത്തിൽ രൂപംമാറ്റി സ്വന്തം നിയമസഭാ മണ്ഡലമായ ഘാട്‌കോപ്പർ ഈസ്റ്റിലെ തെരുവിലായിരുന്നു അദ്ദേഹം ഇരുന്നത്. സാധാരണക്കാരുടെ പ്രതികരണങ്ങളും പെരുമാറ്റവും നേരിട്ട് മനസ്സിലാക്കുകയായിരുന്നു ലക്ഷ്യം.
യാചകവേഷത്തിൽ ഇരിക്കുമ്പോൾ ദയതോന്നിയ ഒരു കച്ചവടക്കാരൻ ഷായ്ക്ക് 20 രൂപ നൽകി. മറ്റൊരാൾ നൽകിയ സമൂസയും അദ്ദേഹം കഴിച്ചു. പഞ്ചനക്ഷത്ര ഹോട്ടലിൽ ലഭിക്കുന്ന ഭക്ഷണത്തേക്കാൾ ആ സമൂസയ്ക്ക് രുചി തോന്നിയെന്നാണ് ഷാ പറയുന്നത്.
ഈ അനുഭവം മനുഷ്യരെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാടുകളിൽ മാറ്റമുണ്ടാക്കിയെന്നും തെരുവിൽ ചെലവഴിച്ച ആ ഒരു പകൽ ഒട്ടേറെ കാര്യങ്ങൾ മനസ്സിലാക്കാൻ സഹായിച്ചെന്നും പരാഗ് ഷാ പറയുന്നു.
