Home » Blog » kerala Max » ​നീലേശ്വരം റെയിൽവേ സ്റ്റോപ്പിന്റെ ക്രെഡിറ്റിനായി ബി.ജെ.പി.യിൽ തമ്മിലടി; തന്റെ ഇടപെടലെന്ന് സുരേഷ് ഗോപി, രാജീവ് ചന്ദ്രശേഖറിന് അവകാശവാദവുമായി മറുപക്ഷം
vd-Recovered-Recovered-Recovered-Recovered-Recovered-Recovered-19-680x450

കാസർകോട്: നീലേശ്വരത്ത് രണ്ട് എക്സ്പ്രസ് തീവണ്ടികൾക്ക് പുതുതായി സ്റ്റോപ്പ് അനുവദിച്ചതിനെച്ചൊല്ലി ബി.ജെ.പി.ക്കുള്ളിൽ അവകാശത്തർക്കം മുറുകുന്നു. പൂനെ-എറണാകുളം പൂർണ എക്സ്പ്രസ് (11097/11098), രാമേശ്വരം-മംഗളൂരു സെൻട്രൽ പ്രതിവാര എക്സ്പ്രസ് (16621/16622) എന്നിവയ്ക്കാണ് സ്റ്റോപ്പ് ലഭിച്ചത്. തന്റെ കത്ത് പരിഗണിച്ചാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സ്റ്റോപ്പ് അനുവദിച്ചതെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി സാമൂഹികമാധ്യമത്തിലൂടെ അവകാശപ്പെട്ടു. എന്നാൽ, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെയും ദേശീയ നിർവാഹകസമിതിയംഗം പി.കെ. കൃഷ്ണദാസിന്റെയും ഇടപെടലാണ് ഇതിന് പിന്നിലെന്നാണ് ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനിയുടെ വാദം.

ഇരുവരും തങ്ങളുടെ അവകാശവാദങ്ങൾ ഉന്നയിച്ച് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റുകളിട്ടതോടെയാണ് തർക്കം പരസ്യമായത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ചുള്ള പോസ്റ്റിലാണ് ജില്ലാ പ്രസിഡന്റ്, രാജീവ് ചന്ദ്രശേഖറിന്റെയും പി.കെ. കൃഷ്ണദാസിന്റെയും ഇടപെടലുകൾ എടുത്തുപറഞ്ഞത്. സംസ്ഥാനത്തെ റെയിൽവേ വികസനത്തിനും യാത്രാക്ലേശം പരിഹരിക്കാനും ബി.ജെ.പി. എന്നും ഒപ്പമുണ്ടാകുമെന്നും നേതാക്കൾ അവകാശപ്പെടുന്നുണ്ട്.

അതേസമയം, രണ്ട് ട്രെയിനുകളുടെ സ്റ്റോപ്പിനെച്ചൊല്ലി അവകാശത്തർക്കം നടക്കുമ്പോഴും റെയിൽവേ മേഖലയിൽ കാസർകോട് ജില്ല നേരിടുന്ന യഥാർത്ഥ അവഗണനയെക്കുറിച്ച് നേതാക്കൾ മൗനം പാലിക്കുകയാണെന്ന വിമർശനവും ശക്തമാണ്. മംഗളൂരു മേഖലയെ പാലക്കാട് ഡിവിഷനിൽ നിന്ന് മൈസൂരു ഡിവിഷനിലേക്ക് മാറ്റിയതോടെ കാസർകോടിന് ലഭിക്കേണ്ടിയിരുന്ന ടെർമിനൽ സ്റ്റേഷൻ, പ്രത്യേക വികസന പാക്കേജ്, പുതിയ മെമു സർവീസുകൾ എന്നിവയൊന്നും നേടിയെടുക്കാനായിട്ടില്ല. കൂടാതെ, ജനപ്രിയ ട്രെയിനുകളുടെ നിയന്ത്രണം മൈസൂരു ഡിവിഷനായതോടെ മലബാർ മേഖലയിലെ യാത്രക്കാരുടെ റിസർവേഷൻ-എമർജൻസി ക്വാട്ടകളിൽ വലിയ കുറവുണ്ടാവുകയും, സ്പെഷ്യൽ ട്രെയിനുകളുടെ കാര്യത്തിൽ കർണാടകയ്ക്ക് മുൻഗണന ലഭിക്കുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *