
തിരുവനന്തപുരം: ഹേമകമ്മറ്റി റിപ്പോർട്ട് ഉൾപ്പെടെ അക്കാദമിയുടെ മുന്നിൽ വന്നാൽ അപ്പോൾ ഉചിതമായ നടപടി എടുക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രവീന്ദ്രൻ. അത് ഇപ്പോൾ അക്കാദമിയുടെ അജൻഡയിൽ ഇല്ല. ന്യായമായ കാര്യങ്ങൾ ചെയ്യാൻ ബാധ്യസ്ഥമാണ്. സർക്കാർ സ്ത്രീപക്ഷമാണ്. ചലച്ചിത്ര അക്കാദമിയിൽ സ്ത്രീ പ്രാതിനിധ്യം ഉണ്ടെന്നും മറ്റുള്ളവരുടെ കാര്യം ഞങ്ങൾ പറയേണ്ടതില്ലെന്നും രവീന്ദ്രൻ പറഞ്ഞു.
10 വർഷം മുൻപ് ഞാനും അക്കാദമിയുടെ ഭാഗമായിരുന്നു. ഈ വർഷത്തെ ഡോക്യുമെന്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ വളരെ ഭംഗിയായി തുടക്കം കുറിച്ചിരിക്കുകയാണ്. ഡോക്യുമെൻ്ററി ഫെസ്റ്റിവല്ലിൽ 8 സിനിമകൾക്ക് ഇനിയും പ്രദർശന അനുമതി കിട്ടാനുണ്ട്. അതിനായി ശ്രമം നടത്തുകയാണ്.
ഐഎഫ്എഫ്കെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇനി വഴി കണ്ടെത്തും. സർക്കാരുമായി സംസാരിക്കും. രാജ്യത്തെ മറ്റു രാജ്യാന്തര ഫെസിറ്റിവലുകളുമായും സംസാരിക്കും. തിരഞ്ഞെടുക്കുന്ന എല്ലാ സിനിമകൾക്കും സ്‌ക്രീനിങ് ഉറപ്പാക്കണം. ഐഎഫ്എഫ്കെ തിരുവനന്തപുരം എന്നത് ഒരു ബ്രാൻഡായി. ഇതല്ലാതെ മറ്റു സ്ഥലങ്ങളിലും വ്യത്യസ്ത ഫെസ്റ്റിവലുകൾക്ക് സാധ്യതയുണ്ട്. സാധ്യതകൾ പരിശോധിക്കും. പഠിച്ച് ഉചിതമായ തീരുമാനങ്ങൾ എടുക്കുമെന്നും രവീന്ദ്രൻ പറഞ്ഞു.
