Home » Blog » Kerala » വെൽഫയറിന് പിന്നാലെ കോടികൾ വിലയുള്ള ലെക്‌സസ് LM 350h സ്വന്തമാക്കി മോഹൻലാൽ
hjhh-680x450

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ ഗ്യാരേജിലേക്ക് അത്യാഡംബരത്തിന്റെ പുതിയൊരു താരം കൂടി എത്തിയിരിക്കുകയാണ്. റേഞ്ച് റോവറും ടൊയോട്ട വെൽഫയറുമെല്ലാം അരങ്ങുവാഴുന്ന അദ്ദേഹത്തിന്റെ വാഹന ശേഖരത്തിലേക്ക് ജാപ്പനീസ് ആഡംബര വാഹന നിർമാതാക്കളായ ലെക്‌സസിന്റെ ഹൈബ്രിഡ് എംപിവി മോഡലായ എൽ.എം. 350 എച്ച് ആണ് പുതുതായി എത്തിയത്. കൊച്ചിയിലെ ലെക്‌സസ് ഡീലർഷിപ്പിൽ നിന്നാണ് അദ്ദേഹം വാഹനം ഏറ്റുവാങ്ങിയത്. വിപണിയിൽ 2.20 കോടി രൂപ മുതൽ 2.75 കോടി രൂപ വരെ എക്‌സ്‌ഷോറൂം വില വരുന്ന ഈ ആഡംബര എംപിവിയുടെ 7 സീറ്റർ വി.ഐ.പി, 4 സീറ്റർ അൾട്രാ ലക്ഷ്വറി പതിപ്പുകളിൽ ഏതാണ് താരം തിരഞ്ഞെടുത്തതെന്ന കാര്യം വ്യക്തമല്ല.

 

വിമാനത്തിലെ ബിസിനസ് ക്ലാസിനോട് കിടപിടിക്കുന്ന രാജകീയ സൗകര്യങ്ങളാണ് ഈ വാഹനത്തിന്റെ പ്രധാന ആകർഷണം. ഇൻഫ്രാറെഡ് സെൻസറുകളുള്ള അത്യാധുനിക എ.സി സംവിധാനം, ഹീറ്റഡ് ആംറെസ്റ്റുകൾ, ഹോൾഡ് ഔട്ട് ടേബിളുകൾ, കൂറ്റൻ എന്റർടെയ്ൻമെന്റ് സ്‌ക്രീനുകൾ, വയർലെസ് ചാർജിങ്, റീഡിങ് ലൈറ്റുകൾ, ടിൽറ്റ് അപ്പ് സീറ്റുകൾ എന്നിവ യാത്രക്കാർക്ക് വൻ സൗകര്യമൊരുക്കുന്നു. ടൊയോട്ട വെൽഫയറിന്റെ ജി.എ-കെ പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ചിരിക്കുന്ന ഈ മോഡലിന് ഡിസൈനിലും വെൽഫയറിനോട് സാമ്യമുണ്ട്. ആകർഷകമായ ക്രോമിയം ഗ്രിൽ, നേർത്ത എൽ.ഇ.ഡി ഹെഡ്‌ലാമ്പുകൾ, കണക്ടഡ് ടെയിൽലാമ്പുകൾ, മൾട്ടി സ്‌പോക്ക് അലോയ് വീലുകൾ എന്നിവ വാഹനത്തിന് പ്രൗഢിയും ചാരുതയും നൽകുന്നു.

 

ഒരു സ്ട്രോങ് ഹൈബ്രിഡ് എംപിവിയായാണ് ലെക്‌സസ് എൽ.എം. 350 എച്ച് നിരത്തിലിറങ്ങുന്നത്. 2.5 ലിറ്റർ 4-സിലിണ്ടർ പെട്രോൾ എൻജിനൊപ്പം ഹൈബ്രിഡ് സാങ്കേതികവിദ്യ കൂടി ചേരുമ്പോൾ വാഹനം 190 ബിഎച്ച്പി പവറും 240 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇ-സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് വാഹനത്തിന്റെ ട്രാൻസ്മിഷൻ നിയന്ത്രിക്കുന്നത്. നായകന്റെ ഗ്യാരേജിലെത്തുന്ന പുതിയ ലെക്‌സസ് വാഹനം ഇതിനോടകം തന്നെ ആരാധകർക്കിടയിലും വാഹനപ്രേമികൾക്കിടയിലും വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *