
ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരാക്രമണം. ആക്രമണത്തിൽ മൂന്ന് സി.ആർ.പി.എഫ് ജവാന്മാർക്ക് പരിക്കേറ്റു. കുൽഗാമിലെ അഖ്റാൻ മേഖലയിൽ പ്രവർത്തിക്കുന്ന സി.ആർ.പി.എഫ് പോസ്റ്റിന് നേരെ ഉച്ചയ്ക്ക് 2:15-ഓടെയായിരുന്നു ആക്രമണം.
ബൈക്കിലെത്തിയ ഭീകരർ ജവാന്മാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റ ജവാന്മാരെ ഉടൻ തന്നെ അനന്ത്നാഗിലെ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന് പിന്നാലെ സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ ശക്തമായി തിരിച്ചടിച്ചു. മേഖലയിലേക്ക് ക്വിക്ക് റിയാക്ഷൻ ടീമുകളെ അയക്കുകയും കൂടുതൽ സുരക്ഷാ സേനയെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. പ്രദേശം പൂർണ്ണമായും വളഞ്ഞ സുരക്ഷാ സേന ഭീകരർക്കായുള്ള തിരച്ചിൽ ശക്തമാക്കി.
