
കൊല്ലം: കേരളത്തിൽ എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് നേരെ കരിങ്കൊടി പ്രതിഷേധം. കൊല്ലം ആശ്രാമം മൈതാനത്തിന് മുന്നിലായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. വാഹന വ്യൂഹത്തിന് മുന്നിലേക്ക് ചാടി വീണായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.
ബിനു ചുള്ളിയലിൻ്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പിന്നാലെ, യൂത്ത് കോൺഗ്രസുകാരെ ബിജെപി പ്രവർത്തകർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. അമിത് ഷാ കൊല്ലം ആശ്രാമം മൈതാനത്ത് ഹെലികോപ്റ്റർ ഇറങ്ങി വാഹനത്തിൽ പോകുമ്പോഴായിരുന്നു സംഭവം.
കുണ്ടറയിൽ നടക്കുന്ന സഹകരണ സംരംഭങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ അമിത് ഷാ പങ്കെടുക്കാനാണ് എത്തിയത്. തുടർന്ന് ഹെലികോപ്റ്റർ മാർഗം അമൃതപുരിയിലെത്തും.
