Your Image Description Your Image Description

ആലപ്പുഴ : ജൂൺ രണ്ടിന് സംസ്ഥാനതല പ്രവേശനോത്സവത്തിന് ജില്ല ഒരുങ്ങുമ്പോൾ ജില്ലയിൽ പാഠപുസ്തക വിതരണം 94 ശതമാനവും പൂർത്തിയാക്കിയതിൻ്റെ അഭിമാനത്തിൽ വിദ്യാഭ്യാസ വകുപ്പ്.പാഠപുസ്തകങ്ങളെല്ലാം തന്നെ സ്കൂളുകളിൽ ലഭ്യമാക്കി കഴിഞ്ഞു. ആക്ടിവിറ്റി പുസ്തകങ്ങളുടെ വിതരണം മാത്രമാണ് നിലവിൽ ബാക്കിയുള്ളത്. ഇതുകൂടി പൂർത്തിയാകുന്നതോടെ വിതരണം നൂറ് ശതമാനമാകും.

നിലവിൽ എല്ലാ സ്കൂളുകളിലേക്കും പുസ്തകങ്ങൾ എത്തിച്ചിട്ടുണ്ട്. അവിടെനിന്ന് സ്കൂൾ തുറക്കുന്ന ജൂൺ രണ്ടിനുള്ളിൽ തന്നെ മുഴുവൻ കുട്ടികൾക്കും പുസ്തകങ്ങൾ വിതരണം ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.സ്കൂൾ പ്രവേശനോത്സവത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ രണ്ടിന് രാവിലെ 9.30 ന് കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും.

ചെങ്ങന്നൂർ മണ്ഡലത്തിൽ ജിഎച്ച്എസ്എസ് അങ്ങാടിക്കൽ സൗത്ത്, ചേർത്തല മണ്ഡലത്തിൽ ജിഎൽപിഎസ് വാരനാട്, ഹരിപ്പാട് മണ്ഡലത്തിൽ ജിയുപിഎസ് നങ്ങ്യാർകുളങ്ങര തുടങ്ങിയ സ്കൂളുകളിലെ വിദ്യാർഥികൾ ഈ അധ്യയന വർഷം മുതൽ പുതിയ കെട്ടിടത്തിലാണ് പഠനം ആരംഭിക്കുന്നത്. സ്കൂൾ തുറക്കുന്ന ജൂൺ രണ്ടിന് തന്നെയാണ് ഈ സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും. കൂടാതെ ജില്ലയിലെ വിദ്യാലയങ്ങൾ ഉന്നത നിലവാരത്തിലെത്തിക്കുന്നതിന്റെ ഭാഗമായി കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ച് അഞ്ച് കോടി, മൂന്നു കോടി, ഒരു കോടി എന്നിങ്ങനെ ചെലവഴിച്ച് നിരവധി വിദ്യാലയങ്ങൾക്കാണ് ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടങ്ങൾ നിർമ്മിച്ചത്. ജില്ലയിലെ ഒമ്പത് നിയോജക മണ്ഡലങ്ങളിൽ അഞ്ച് കോടി രൂപ ചെലവിൽ ഒമ്പത് സ്കൂളുകളുടെ നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തുകഴിഞ്ഞു.

മൂന്ന് കോടി കിഫ്‌ബി ഫണ്ട്‌ അനുവദിച്ച 16 സ്കൂളുകളാണ് ജില്ലയിലുള്ളത്. ഇതിൽ 10 സ്കൂളുകളുടെ നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തു. രണ്ട് സ്കൂളുകളുടെ നിർമ്മാണം പുരോഗമിക്കുകണ്‌. ജില്ലയിലാകെ 24 സ്കൂളുകൾക്കാണ് ഒരു കോടി ഫണ്ട്‌ അനുവദിച്ചത്. ഇതിൽ നാല് സ്കൂളുകളുടെ നിർമ്മാണം പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്തിട്ടുണ്ട്. ഒമ്പത് സ്കൂളുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.

നബാർഡ് ഫണ്ടിൽ ഉൾപ്പെടുത്തി രണ്ട് കോടി രൂപ ചെലവിൽ ചെങ്ങന്നൂർ, അരൂർ മണ്ഡലങ്ങളിലായി രണ്ട് സ്കൂളുകളുടെ നിർമ്മാണവും പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്തു. കോസ്റ്റൽ ഡെവലപ്പ്മെന്റ് കോർപറേഷൻ ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച നാല് സ്കൂളുകളിൽ കുട്ടനാട്, അരൂർ മണ്ഡലങ്ങളിൽ രണ്ട് സ്കൂളുകളുടെ നിർമ്മാണം പൂർത്തിയായി. ഹരിപ്പാട്, കുട്ടനാട് എന്നിവിടങ്ങളിൽ രണ്ടുകോടിയിലധികം ചെലവ് വരുന്ന സ്കൂളുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.

വിദ്യാഭ്യാസ മേഖലയെ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ സ്മാർട്ട്‌ ക്ലാസ്സ്‌റൂമുകൾ ആരംഭിച്ചത്. 2016 മുതൽ 2025 വരെ ജില്ലയിൽ 325 സ്കൂളുകൾ സ്മാർട്ടായി. ഇവിടെ 2639 പ്രൊജക്ടറുകളും നൽകി. സ്മാർട്ട് ക്ലാസ് റൂമുകൾ അനുവദിച്ച സ്കൂളുകളിൽ ലാപ്ടോപ്പുകളും വിതരണം ചെയ്തു. 694 പ്രൈമറി സ്കൂളുകൾക്ക് ജില്ലയിൽ ഹൈടെക് ലാബുകളും അനുവദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *