Your Image Description Your Image Description

ഒരു പ്രധാനപ്പെട്ട മീറ്റിങിലോ തിരക്കുകളിലോ നിൽക്കുമ്പോഴായിരിക്കും സൈലന്റായി കിടക്കുന്ന നമ്മുടെ ഫോൺ വൈബ്രേറ്റ് ചെയ്യുന്നത്. ആരായിരിക്കും വിളിക്കുക, അത്യാവശ്യ കോളായിരിക്കുമോ എന്നിങ്ങനെയുള്ള ചിന്തകൾ ഫോൺ വൈബ്രേറ്റ് ചെയ്യുന്ന സമയത്ത് നമ്മുടെ മനസിലൂടെ കടന്നുപോകും. പോക്കറ്റില്‍ നിന്ന് ഫോണ്‍ എടുക്കാതെ എങ്ങനെയാണ് അത് ആരാണെന്ന് മനസിലാക്കുക? അതിനുള്ള വഴിയാണ് കസ്റ്റം വൈബ്രേഷന്‍. ഐഫോണ്‍ ഉപഭോക്താക്കള്‍ അധികം ഉപയോഗപ്പെടുത്താത്തതോ അറിവില്ലാത്തതോ ആയ ഫീച്ചറുകളില്‍ ഒന്നാണിത്. ഓരോ കോണ്‍ടാക്റ്റിനും പ്രത്യേകം വൈബ്രേഷന്‍ കൊടുത്താല്‍ പോക്കറ്റില്‍ നിന്ന് ഫോണ്‍ എടുക്കാതെ തന്നെ അത് ആരാണെന്ന് മനസിലാക്കാന്‍ ഈ ഫീച്ചര്‍ സഹായിക്കും.

ആദ്യം ഐഫോണിലെ കോണ്‍ടാക്റ്റ് ആപ്പ് തുറക്കുക. നിങ്ങള്‍ക്ക് ഏത് കോണ്‍ടാക്റ്റിനാണോ പ്രത്യേക വൈബ്രേഷന്‍ നല്‍കേണ്ടത് ആ കോണ്‍ടാക്റ്റ് തിരഞ്ഞെടുക്കുക. ഇതിനായി കോണ്‍ടാക്റ്റ് ലിസ്റ്റില്‍ അയാളുടെ പേരില്‍ ടാപ്പ് ചെയ്യുക. ശേഷം മുകളില്‍ വലത് ഭാഗത്തായി കാണുന്ന എഡിറ്റ് ബട്ടന്‍ ടാപ്പ് ചെയ്യുക. തുറന്നുവരുന്ന പേജില്‍ താഴേക്ക് സ്‌ക്രോള്‍ ചെയ്യുക. അപ്പോള്‍ റിങ്ടോൺ എന്ന ഓപ്ഷന്‍ കാണാം. അതില്‍ ടാപ്പ് ചെയ്യുക. റിങ്‌ടോണ്‍ കസ്റ്റമൈസ് ചെയ്യാനുള്ള പേജ് തുറന്നുവരും. അതില്‍ ഹാപ്റ്റിക്സ് എന്ന ഓപ്ഷന്‍ കാണാം. അതില്‍ ടാപ്പ് ചെയ്യുക. ഫോണില്‍ ഡിഫോള്‍ട്ട് ഓപ്ഷനാണ് സാധാരണ ഓണ്‍ ആയിക്കിടക്കുക. നിലവിലുള്ള റിങ്‌ടോണിന് അനുസരിച്ചായിരിക്കും ഇതില്‍ വൈബ്രേഷന്‍ അഥവാ ഹാപ്റ്റിക്‌സ് പ്രവര്‍ത്തിക്കുക.

ഇതല്ലാതെ താഴേക്ക് സ്‌ക്രോള്‍ ചെയ്യുമ്പോള്‍ ഐഫോണ്‍ നിര്‍ദേശിക്കുന്ന എട്ടോളം സ്റ്റാന്റേര്‍ഡ് ഹാപ്റ്റിക് ഓപ്ഷനുകള്‍ കാണാം. ആവശ്യമെങ്കില്‍ ഏതെങ്കിലും തിരഞ്ഞെടുക്കാം. കൂടാതെ നിങ്ങള്‍ക്ക് തന്നെ സ്വന്തം ശൈലിയില്‍ പ്രത്യേക വൈബ്രേഷന്‍ നിര്‍മിക്കാനുള്ള സൗകര്യമുണ്ട്. ഇതിനായി താഴെ കസ്റ്റം സെക്ഷനില്‍ കാണുന്ന ‘ക്രിയേറ്റ് ന്യൂ വൈബ്രേഷൻ’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. അതില്‍ ടാപ്പ് ചെയ്യുമ്പോള്‍ ഒരു ഗ്രേ സ്‌ക്രീന്‍ തുറന്നുവരും. ഇതില്‍ നിങ്ങള്‍ ടാപ്പ് ചെയ്യുന്ന താളത്തില്‍ വൈബ്രേഷനുകള്‍ നിര്‍മിക്കാം. നിങ്ങള്‍ തന്നെ നിര്‍മിക്കുന്ന കസ്റ്റം ഹാപ്റ്റിക്‌സ് ആയതിനാല്‍ പോക്കറ്റില്‍ ഇരുന്ന് ഫോണ്‍ വൈബ്രേറ്റ് ചെയ്യുമ്പോള്‍ അത് തിരിച്ചറിയുക എളുപ്പമാവും.

Leave a Reply

Your email address will not be published. Required fields are marked *