Your Image Description Your Image Description

ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പൊതുമധ്യത്തില്‍ നമ്മള്‍ പങ്കുവെക്കുന്ന ഫോട്ടോകള്‍ എഐ മോഡലുകളെ പരിശീലിപ്പിക്കാന്‍ മെറ്റ എടുക്കുന്നുണ്ടെന്നതില്‍ യാതൊരു സംശയവും വേണ്ട. എന്നാല്‍ മെറ്റയുടെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളിലൊന്നും നിങ്ങള്‍ പങ്കുവെക്കാത്ത, നിങ്ങളുടെ ഫോണിലെ ഫോട്ടോകളും നിര്‍മിതബുദ്ധിയെ പരിശീലിപ്പിക്കാനായി എടുക്കാന്‍ മെറ്റ ശ്രമിക്കുന്നുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍.

ഫെയ്‌സ്ബുക്കില്‍ സ്റ്റോറി പങ്കുവെക്കാന്‍ ശ്രമിച്ച ഉപഭോക്താക്കളാണ് ഇക്കാര്യം ശ്രദ്ധിച്ചത്. സ്റ്റോറി അപ്ലോഡ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഒരു പോപ്പ് അപ്പ് നോട്ടിഫിക്കേഷന്‍ സ്‌ക്രീനില്‍ വന്നു. ക്ലൗഡ് പ്രോസസിങിന് വേണ്ടി ഉപഭോക്താക്കളെ ക്ഷണിക്കുന്ന ഫീച്ചര്‍ ആയിരുന്നു അത്. ഒറ്റനോട്ടത്തില്‍ കാണുമ്പോള്‍ കുഴപ്പമില്ലെന്ന് തോന്നാം, എന്നാല്‍ ഈ സെറ്റിങ്സ് വഴി മെറ്റയ്ക്ക് നിങ്ങളുടെ ഫോണിലെ ക്യാമറാ റോള്‍ പരിശോധിക്കാനും ചിത്രങ്ങള്‍ മെറ്റയുടെ ക്ലൗഡിലേക്ക് നിരന്തരം അപ്ലോഡ് ചെയ്യാനും സാധിക്കും.

ഇങ്ങനെ ചെയ്യുമ്പോള്‍ ഫോട്ടോ കോളാഷുകളും, ഇവന്റ് റീക്കാപ്പുകളും, എഐ ജനറേറ്റഡ് ഫില്‍റ്ററുകളും, ജന്മദിനം, ഗ്രാജ്വേഷന്‍ പോലുള്ള വിശേഷ ദിവസങ്ങളുമായി ബന്ധപ്പെട്ട കണ്ടന്റ് സജഷനുകളുമാണ് കമ്പനി പകരം വാഗ്ദാനം ചെയ്യുന്നത്.

അത് മാത്രമല്ല, നിങ്ങള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത സ്വകാര്യ ചിത്രങ്ങള്‍ ഉള്‍പ്പടെ വിശകലനം ചെയ്യാനുള്ള അനുമതി കൂടിയാണ് ഇതുവഴി മെറ്റയ്ക്ക് ലഭിക്കുക. ഈ സംവിധാനത്തിലൂടെ മെറ്റയുടെ എഐ ഫീച്ചറുകള്‍ കൂടുതല്‍ മികച്ചതാവുമെന്നതില്‍ സംശയം വേണ്ട.

2007 മുതല്‍ ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവെക്കപ്പെട്ട പബ്ലിക്ക് ഉള്ളടക്കങ്ങളെല്ലാം ജനറേറ്റീവ് എഐ മോഡലുകളെ പരിശീലിപ്പിക്കുന്നതിനായി ഉപയോഗിച്ചിട്ടുണ്ടെന്ന് മെറ്റ നേരത്തെ തന്നെ സമ്മതിച്ചിട്ടുണ്ട്.

എന്തായാലും ക്ലൗഡ് പ്രൊസസിങ് ഫീച്ചര്‍ ഉപയോഗിക്കാന്‍ ആഗ്രഹമില്ലെങ്കില്‍ അത് ഒഴിവാക്കാനുള്ള സൗകര്യം മെറ്റ ലഭ്യമാക്കിയിട്ടുണ്ട്. സെറ്റിങ്സില്‍ അതിനുള്ള സൗകര്യം ലഭ്യമാണ്. ക്ലൗഡ് പ്രൊസസിങ് ഓഫ് ചെയ്താല്‍ 30 ദിവസത്തിനുള്ളില്‍ ഡാറ്റയെല്ലാം നീക്കം ചെയ്യുമെന്ന് കമ്പനി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts