Your Image Description Your Image Description

കാസർകോട്: അതികഠിനമായ ഈ സമയത്തും സ്നേഹവും കരുണയും വറ്റാത്ത ഹൃദയങ്ങളുള്ള മനുഷ്യർ നമുക്ക് ചുറ്റുമുണ്ടെന്ന് ഓർമ്മിപ്പിക്കുന്ന അനുഭവം പങ്കു​വെച്ച് പ്രവാസി വ്യവസായിയും യു.എ.ഇ കെ.എം.സി.സി അധ്യക്ഷനുമായ യഹ്‌യ തളങ്കര. ദുബൈ-മംഗളൂരു വിമാനത്തിൽ യാത്ര ചെയ്യവെ എയർഹോസ്റ്റസ് കാണിച്ച ദയാപ്രവൃത്തിയെ കുറിച്ചാണ് ത​ന്റെ ഫേസ്ബുക്ക് പോസ്റ്റിൽ യഹ്‌യ തളങ്കര കുറിച്ചത്. ഭാര്യാസഹോദരൻ കാസർകോട് തളങ്കരയിലെ ടി.എ. ഹാഷിമിന്റെ (50) ആകസ്മിക വിയോഗത്തെത്തുടർന്ന് ദുബൈയിൽ നിന്നും മം​ഗളൂരുവിലേക്കുള്ള യാത്രയിലാണ് സംഭവം.

രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ലെന്നും കാബിൻ ഫുഡ് അധികമുണ്ടെങ്കിൽ തരാമോ എന്നും എയർഹോസ്റ്റസിനോട് ചോദിച്ചപ്പോൾ ഇഡ്ഡലിയും വടയും എത്തിച്ചുകൊടുത്തു. ‘ഇത് കഴിക്കൂ’ എന്ന് സ്നേഹത്തോടെയും വാത്സല്യത്തോടെയും അവർ പറഞ്ഞ​പ്പോൾ ‘എത്ര രൂപയാണ് നൽകേണ്ടത്?’ എന്ന് യഹ്‍യ ചോദിച്ചു. ‘വേണ്ട, പൈസയൊന്നും തരേണ്ട, ഇത് എന്റെ സ്വന്തം ഭക്ഷണമാണ്. രാവിലെ തന്നെ ഒരു നല്ല കാര്യം ചെയ്യാൻ അവസരം തന്നതിന് നന്ദിയുണ്ട്’ -എന്നായിരുന്നു മറുപടി. അവരുടെ വാക്കുകൾ കേട്ട് അത്ഭുതവും കൃതജ്ഞതയും കൊണ്ട് മനസ്സ് നിറഞ്ഞതായും സ്നേഹവും കരുണയും വറ്റാത്ത ഹൃദയങ്ങളുള്ള മനുഷ്യർ നമുക്ക് ചുറ്റുമുണ്ടെന്ന് ഓർമ്മിപ്പിക്കുന്ന ഒരനുഭവമായിരുന്നു അതെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:
ഇന്ന് (ഏപ്രിൽ 9, 2025) ഉച്ച 12:05-ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് IX 832 വിമാനത്തിൽ മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഞാൻ. രാവിലെ മുതൽ ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല. പ്രിയപ്പെട്ട ഹാഷിമിന്റെ

(ഭാര്യാ സഹോദരൻ) മരണവാർത്തയുടെ ഞെട്ടലിൽ അന്നം പോലും കഴിക്കാൻ തോന്നിയില്ല. വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് ലഘുഭക്ഷണം വാങ്ങാൻ പോലും എനിക്ക് സാധിച്ചില്ല. ദുഃഖം ഒരു വശത്തും ആധി മറ്റൊരിടത്തും എന്ന അവസ്ഥയിൽ വിശപ്പ് വല്ലാതെ അലട്ടുന്നുണ്ടായിരുന്നു.

എയർ ഹോസ്റ്റസിനോട് വിനയപൂർവ്വം പറഞ്ഞു. ‘ഞാൻ രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ല. കാബിൻ ഫുഡ് അധികമുണ്ടെങ്കിൽ തരാമോ? പൈസ തരാം’, എന്ന് ചോദിച്ചപ്പോൾ അവരുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. ‘ഞാനൊന്ന് നോക്കട്ടെ’ എന്ന് മറുപടി നൽകി അവരകന്ന് പോയി.

മുൻകൂട്ടി ബുക്ക് ചെയ്ത യാത്രക്കാർക്കെല്ലാം കാബിൻ ഫുഡ് വിതരണം ചെയ്തതിനാൽ അധികമായി ഉണ്ടാകാൻ സാധ്യതയില്ലെന്ന് കരുതി നിരാശനായി സീറ്റിലേക്ക് ചാരിയിരുന്നു. അപ്രതീക്ഷിതമായി, നേരത്തെ തന്നോട് സംസാരിച്ച ആ എയർ ഹോസ്റ്റസ് ഒരു ട്രേ നിറയെ ഭക്ഷണവുമായി അടുത്തെത്തി. അശ്വിനി എന്നോ അശ്വതി എന്നോ പേരുള്ള ആ മാലാഖയുടെ ട്രേയിൽ ദക്ഷിണേന്ത്യൻ വിഭവങ്ങളായ ഇഡ്ഡലിയും വടയുമുണ്ടായിരുന്നു.

‘ഇത് കഴിക്കൂ’ എന്ന് സ്നേഹത്തോടെയും വാത്സല്യത്തോടെയും അവർ പറഞ്ഞു. ‘എത്ര രൂപയാണ് നൽകേണ്ടത്? ഞാൻ പൈസ തരാം’ എന്ന് ചോദിച്ചപ്പോൾ ആ ദയാലുവായ എയർ ഹോസ്റ്റസ് നൽകിയ മറുപടി ‘വേണ്ട പൈസയൊന്നും തരേണ്ട, ഇത് എൻ്റെ സ്വന്തം ഭക്ഷണമാണ്.രാവിലെ തന്നെ ഒരു നല്ല കാര്യം ചെയ്യാൻ അവസരം തന്നതിന് നന്ദിയുണ്ട്’.

അവരുടെ വാക്കുകൾ കേട്ട് അത്ഭുതവും കൃതജ്ഞതയും കൊണ്ട് മനസ്സ് നിറഞ്ഞു. ഈ കഠിനമായ സമയത്തും സ്നേഹവും കരുണയും വറ്റാത്ത ഹൃദയങ്ങളുള്ള മനുഷ്യർ നമുക്ക് ചുറ്റുമുണ്ടെന്ന് ഓർമ്മിപ്പിക്കുന്ന ഒരനുഭവമായിരുന്നു അത്. ഒരു നിമിഷം അദ്ദേഹം വാക്കുകൾ കിട്ടാതെ അവളെ നോക്കിയിരുന്നു.

‘ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ’ എന്ന് പ്രാർത്ഥിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts