Your Image Description Your Image Description

ദേവതയുടെ എഐ രൂപവുമായി മലേഷ്യ. മാസു ദേവതയുടെ എഐ രൂപമാണ് മലേഷ്യക്കാര്‍ അവതരിപ്പിച്ചത്. പരമ്പരാഗത ചൈനീസ് വേഷം ധരിച്ച സുന്ദരിയായ സ്ത്രീയായാണ് ദേവതയെ ചിത്രീകരിച്ചിരിക്കുന്നത്. ലോകത്ത് ആദ്യമായാണിത് എന്നാണ് അവർ അവകാശപ്പെടുന്നത്. ആരാധകരുമായി സംവദിക്കാനും അവരുടെ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കാനും കഴിവുള്ള ചൈനീസ് കടല്‍ ദേവതയുടെ ഡിജിറ്റല്‍ പതിപ്പാണിതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ മലേഷ്യയിലെ ജോഹോറിലുള്ള ടിയാന്‍ഹൗ ക്ഷേത്രം സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന എഐ മാസുവിനോട് വിശ്വാസികള്‍ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു.

എഐ മാസുവില്‍ നിന്ന് അനുഗ്രഹം തേടാനും, അവര്‍ എടുക്കുന്ന ഭാഗ്യ ദണ്ഡുകളുടെ വ്യാഖ്യാനം ആവശ്യപ്പെടാനും, അവരുടെ വ്യക്തിപരമായ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടാനും ആരാധകര്‍ എത്തുന്നുണ്ട്. എഐയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ദേവതയെ വികസിപ്പിച്ചത് മലേഷ്യന്‍ സാങ്കേതികവിദ്യാ സ്ഥാപനമായ ഐമാസിന്‍ ആണ്. ഇതിന്റെ ഡെമോണ്‍സ്‌ട്രേഷന്‍ വീഡിയോ കമ്പനി നേരത്തെ പുറത്തുവിട്ടിരുന്നു. അപ്രതീക്ഷിത ഭാഗ്യത്തിന് തനിക്ക് യോഗമുണ്ടോയെന്ന് എഐ മാസുവിനോട് കമ്പനിയുടെ സ്ഥാപകന്‍ ഷിന്‍ കോങ് ചോദിച്ചിരുന്നു. നിങ്ങള്‍ വീട്ടിലിരുന്നാല്‍ അപ്രതീക്ഷിത ഭാഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ നല്ല ഫലം ഉണ്ടാകും എന്നായിരുന്നു ടെക് കമ്പനി സ്ഥാപകനോട് എ.ഐ മാസുവിന്റെ മറുപടി.

പിന്നീട് ഒരു ഇന്‍ഫ്‌ളുവന്‍സര്‍ എഐ മാസുവിനെ സമീപിച്ച്, തനിക്ക് രാത്രിയില്‍ ഉറക്കമില്ലായ്മ അനുഭവപ്പെടുന്നുണ്ടെന്നും മാര്‍ഗ്ഗനിര്‍ദ്ദേശം വേണമെന്നും അഭ്യര്‍ഥിച്ചു. ഉറങ്ങുന്നതിന് മുന്‍പ് കുറച്ച് ഇളം ചൂടുവെള്ളം കുടിക്കുക എന്നായിരുന്നു എ.ഐ മാസുവിന്റെ ഉപദേശം. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന്, നിരവധി പേര്‍ പ്രാര്‍ഥിക്കുന്ന കൈകളുടെ ഇമോജികളോടെ കമന്റിടുകയും ഡിജിറ്റല്‍ ദേവതയില്‍ നിന്ന് അനുഗ്രഹം തേടുകയും ചെയ്തിരുന്നുവെന്ന് മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കടല്‍ ദേവതയുടെ ജന്മദിനാഘോഷത്തോട് അനുബന്ധിച്ചാണ് എഐ മാസുവിന്റെ അവതരണം നടന്നത്. ഇന്നും ലോകമെമ്പാടുമുള്ള ചൈനീസ് സമൂഹങ്ങള്‍, പ്രത്യേകിച്ച് മലേഷ്യ, സിംഗപ്പുര്‍, ഇന്‍ഡോനീഷ്യ എന്നിവയുള്‍പ്പെടുന്ന തെക്കുകിഴക്കന്‍ ഏഷ്യക്കാര്‍ മാസുവിനെ ആരാധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts