Your Image Description Your Image Description

മോസ്‌കോ: ഈസ്റ്റര്‍ പ്രമാണിച്ച് താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍. യുക്രൈന്‍ യുദ്ധത്തില്‍ ശനിയാഴ്ച വൈകിട്ട് മുതല്‍ ഞായറാഴ്ച അര്‍ധരാത്രി വരെ റഷ്യയുടെ ഭാഗത്തു നിന്ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയാണെന്ന് റഷ്യന്‍ ചീഫ് ഓഫ് സ്റ്റാഫ് വളേരി ഗെറസിമോവുമായുള്ള സംഭാഷണത്തിനിടെ പുതിന്‍ ടെലിവിഷനിലൂടെ പറഞ്ഞു. അതേസമയം, റഷ്യയുടെ പ്രഖ്യാപനത്തോട് യുക്രൈന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

റഷ്യയുടെ മാതൃക യുക്രൈനും പിന്തുടരുമെന്നാണ് താന്‍ കരുതുന്നതെന്ന് പുതിന്‍ പറഞ്ഞു. വെടിനിര്‍ത്തല്‍ കാലയളവിലെ യുക്രൈന്റെ നടപടികള്‍, സമാധാനപരമായ ഒത്തുതീര്‍പ്പിനുള്ള അവരുടെ താത്പര്യം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, യുക്രൈന്റെ ഭാഗത്തുനിന്ന് വെടിനിര്‍ത്തല്‍ ലംഘനങ്ങളുണ്ടായാല്‍ അത് നേരിടാന്‍ സൈന്യത്തെ സജ്ജമാക്കണമെന്നും പുതിന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞമാസം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ഫോണ്‍ സംഭാഷണത്തിന് പിന്നാലെ യുക്രൈനിലെ ഊര്‍ജവിതരണ സംവിധാനങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ 30 ദിവസത്തേക്ക് നിര്‍ത്തിവെയ്ക്കാന്‍ പുതിന്‍ സമ്മതിച്ചിരുന്നു. എന്നാല്‍, ഇതിനുശേഷവും ആക്രമണങ്ങളുണ്ടായതായി ഇരുരാജ്യങ്ങളും പരസ്പരം ആരോപിച്ചിരുന്നു. നൂറിലധികം തവണ യുക്രൈന്‍ തങ്ങളുടെ ഊര്‍ജവിതരണ സംവിധാനങ്ങളെ ആക്രമിച്ചെന്നായിരുന്നു പുതിന്‍ കുറ്റപ്പെടുത്തിയത്. ആക്രമണങ്ങൾ ഉണ്ടായാൽ പ്രത്യാക്രമണവും ഉണ്ടാകുമെന്നാണ് റഷ്യയുടെ നയം. തങ്ങൾ യുക്രൈന്‍ വിഷയത്തില്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും പുതിന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts