
ന്യൂയോർക്ക്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ യുഎൻ പൊതുസഭയിൽ നാടകീയ രംഗങ്ങൾ. നെതന്യാഹു പ്രസംഗിക്കാനായി വേദിയിലെത്തിയതോടെ ഡസൻകണക്കിന് നയതന്ത്ര പ്രതിനിധികൾ പ്രതിഷേധിച്ച് ഹാളിൽനിന്ന് പുറത്തുപോയി. അതേസമയം, ഗാലറിയിലുണ്ടായിരുന്ന നെതന്യാഹു അനുകൂലികൾ ഇസ്രയേലിനെ പിന്തുണച്ച് മുദ്രാവാക്യം വിളിച്ചു. പുറത്തുപോയ പ്രതിനിധികളെ ‘ധാർമിക ഭീരുക്കൾ’ എന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്. ഇനിയും ഹാളിൽ തുടരുന്നവർ പുറത്തുപോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇപ്പോൾ തന്നെ പോകാമെന്നും അദ്ദേഹം പറഞ്ഞു.
യുഎൻ പൊതുസഭയുടെ 81-ാം സമ്മേളനത്തെ അഭിസംബോധന ചെയ്താണ് നെതന്യാഹു സംസാരിച്ചത്. ഗാസയിലെ യുദ്ധവുമായി ബന്ധപ്പെട്ട് ഇസ്രയേലിനെതിരെ അന്താരാഷ്ട്ര തലത്തിൽ വിമർശനം ശക്തമായ സാഹചര്യത്തിലായിരുന്നു പ്രസംഗം. ഏകദേശം 40 മിനിറ്റ് നീണ്ട പ്രസംഗത്തിൽ ഇസ്രയേലിന്റെ സൈനിക നടപടികളെ നെതന്യാഹു പ്രതിരോധിക്കുകയും വിമർശകരെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനിക്കെതിരെയും നെതന്യാഹു കടുത്ത വിമർശനം ഉന്നയിച്ചു. തന്നെ യുഎന്നിൽ സംസാരിക്കുന്നതിൽനിന്ന് തടയാനും നിശബ്ദനാക്കാനും ശ്രമിച്ചെങ്കിലും അതിന് കഴിയില്ലെന്ന് മംദാനിയെ പരാമർശിച്ച് നെതന്യാഹു പറഞ്ഞു. മംദാനി ഹമാസ് തീവ്രവാദികളെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഖത്തർ, തുർക്കി തുടങ്ങിയ രാജ്യങ്ങളും ഇസ്രയേലിനെതിരെ തെറ്റായ പ്രചാരണം നടത്തുകയാണെന്ന് നെതന്യാഹു ആരോപിച്ചു.
