
ഡൽഹി: എൻ.ഡി.എ ഭരിക്കുന്ന മുഴുവൻ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനം തള്ളി ജെ.ഡി.യു. ബീഹാറിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കില്ലെന്നും വിഷയം സംബന്ധിച്ച പാർട്ടി നിലപാടിൽ മാറ്റമില്ലെന്നും നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെ.ഡി.യു ദേശീയ നേതൃത്വം വ്യക്തമാക്കി.
2029-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപായി എൻ.ഡി.എ ഭരണത്തിലുള്ള 21 സംസ്ഥാനങ്ങളിലും യു.സി.സി അവതരിപ്പിക്കുമെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഉത്തരാഖണ്ഡ്, ഗുജറാത്ത്, അസം എന്നീ സംസ്ഥാനങ്ങൾക്ക് പുറമെ കഴിഞ്ഞ ജൂലൈയിൽ മധ്യപ്രദേശും യു.സി.സി ബിൽ പാസാക്കിയിരുന്നു. വിവാഹം, വിവാഹമോചനം, ദത്തെടുക്കൽ, അനന്തരാവകാശം തുടങ്ങിയ നിയമങ്ങളിൽ കാതലായ മാറ്റങ്ങൾ വരുത്തുന്നതാണ് ബിൽ. കൂടാതെ ലിവ്-ഇൻ ബന്ധങ്ങൾ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്നും ഇതിൽ വ്യവസ്ഥയുണ്ട്. ഗോത്രവർഗ്ഗ വിഭാഗങ്ങളെ ഈ നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
