
പവർക്കട്ട് കാലത്തെ വിമർശനങ്ങൾക്ക് പിന്നാലെ കെഎസ്ഇബി ജീവനക്കാർക്കൊപ്പം മുഖ്യമന്ത്രി വി.ഡി. സതീശൻ നൃത്തം ചെയ്യുന്നതായി നിർമ്മിച്ച എഐ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമായിരുന്നു. എന്നാല്‍ അതില്‍ ചില നിയമ പ്രശ്നങ്ങളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എഐ വിഡിയോ നീക്കം ചെയ്തതിലായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. മോഹൻലാലിനേക്കാളും വിജയിയേക്കാളും നന്നായി താൻ നൃത്തം ചെയ്യുന്നുണ്ടെന്ന് വേദിയിൽ തമാശയായി പറഞ്ഞ മുഖ്യമന്ത്രി, തന്നെ അത് വ്യക്തിപരമായി സന്തോഷിപ്പിച്ചെന്നും അഞ്ചു വയസ്സുകാരൻ ഡാൻസ് ഗംഭീരമായെന്ന് പറഞ്ഞെന്നും വ്യക്തമാക്കിയെങ്കിലും, വീഡിയോയിൽ ചില നിയമപ്രശ്നങ്ങളുണ്ടെന്നും കൂട്ടിച്ചേർത്തു.
ഐടി നിയമലംഘനം ചൂണ്ടിക്കാട്ടി മെറ്റ ഇന്ത്യയിൽ വീഡിയോ ജിയോ-ബ്ലോക്ക് ചെയ്യുകയായിരുന്നു. എന്നാൽ പൊലീസിന്റെ നേരിട്ടുള്ള നിർദേശപ്രകാരമല്ല നീക്കം ചെയ്തതെന്നും, വിനോദം മാത്രമായിരുന്നു ലക്ഷ്യമെന്നും ക്രിയേറ്റർ അഭിജിത്ത് പ്രതികരിച്ചു. ഇന്ത്യക്ക് പുറത്ത് വീഡിയോ ലഭ്യമാക്കാൻ ക്ലെയിം നൽകിയിട്ടുണ്ട്. എഐ മുന്നറിയിപ്പോടെ എത്തിയെങ്കിലും പവർക്കട്ട് വിവാദത്തിലെ ജനരോഷം ചൂടുപിടിച്ച സമയത്താണ് ഈ ദൃശ്യങ്ങൾ പ്രചരിച്ചത്.
പവര്‍ക്കട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍തോതില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഈ സമയത്താണ് കെഎസ്ഇബി ജീവനക്കാരുമൊത്തുള്ള മുഖ്യമന്ത്രിയുടെ എഐ ഡാന്‍സ് വീഡിയോ പുറത്തുവരുന്നത്. നിലവില്‍ ചില പ്ലാറ്റ്ഫോമുകളിൽ വീഡിയോ ഉണ്ടെങ്കിലും അതും വൈകാതെ ഇന്ത്യയില്‍ ലഭ്യമാകില്ലെന്നാണ് വിവരം. കാണുന്നത് എഐ വീഡിയോ ആണെന്ന മുന്നറിയിപ്പോടെ തന്നെയായിരുന്നു വീഡിയോ പ്രചരിപ്പിക്കപ്പെട്ടിരുന്നത്.
