Home » Blog » Kerala » “പ്രായമായ സിപിഎം നേതാക്കൾ വയോജന പാഠശാലയിൽ പോയി പഠിക്കണം, എതിരാളികളെ അസഭ്യം പറഞ്ഞതുകൊണ്ട് കാര്യമില്ല’ – ജി സുധാകരന്‍
3

ആലപ്പുഴ: പ്രായമായ സിപിഎം നേതാക്കൾ വയോജന പാഠശാലയിൽ പോയി പഠിക്കണമെന്ന് ജി സുധാകരന്‍ എംഎല്‍എ. ‘ജനങ്ങളോട് മര്യാദയ്ക്ക് പെരുമാറാൻ പഠിക്കണം. എതിരാളികളെ അസഭ്യം പറഞ്ഞതുകൊണ്ട് കാര്യമില്ല. അതുകൊണ്ടാണ് മുഴുവൻ തോറ്റത്’ – ജി.സുധാകരൻ പറഞ്ഞു.

തന്റെ ഓഫീസിലേക്ക് ഇവരെന്തിനാണ് മാർച്ച് നടത്തി ചീത്തവിളിച്ചതെന്നും സുധാകരൻ ചോദിച്ചു. പോലീസും അതിന് കൂട്ട് നിന്നു. ഭരണംമാറിയത് ആലപ്പുഴയിലെ പോലീസ് അറിഞ്ഞിട്ടില്ല. തനിക്ക് ആരുടെയും ആനുകൂല്യം അവകാശമില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

ശനിയാഴ്ച എം.എൽ.എ.യുടെ ഓഫീസിലേക്കു സി.പി.എം. നടത്തിയ മാർച്ചിൽ, സുധാകരൻ വർഗവഞ്ചകനാണെന്നും ആ സമീപനം തുടർന്നാൽ കൈകാര്യം ചെയ്യുമെന്നും സിപിഎം ജില്ലാസെക്രട്ടറി നാസർ പറഞ്ഞിരുന്നു.

തന്നെ ആരെങ്കിലും ആക്രമിച്ചാൽ അതിനുത്തരവാദി സി.പി.എം. ആലപ്പുഴ ജില്ല സെക്രട്ടറി ആർ. നാസറായിരിക്കുമെന്ന് പിന്നാലെ സുധാകരൻ പറയുകയുണ്ടായി. എന്നെ കൈകാര്യം ചെയ്‌തോളൂ. എന്നാൽ, സി.പി.എമ്മിനെ ജനം കൈകാര്യം ചെയ്തുകഴിഞ്ഞുവെന്നും ജി സുധാകരൻ പറഞ്ഞു.