Your Image Description Your Image Description

കുവൈത്ത്: പ്രവാസികൾക്ക് കുടുംബാംഗങ്ങളെ രാജ്യത്തേക്ക് കൊണ്ടുവരാനുള്ള ഫാമിലി വിസയ്ക്ക് ശമ്പള പരിധി ഒഴിവാക്കി കുവൈത്ത്. ഫാമിലി വിസയ്ക്കായി ഇതുവരെ ഉണ്ടായിരുന്ന കുറഞ്ഞ ശമ്പള പരിധിയാണ് ഒഴിവാക്കിയത്. പുതിയ നിയമപ്രകാരം പ്രവാസികൾക്ക് ഭാര്യ, മക്കൾ, മാതാപിതാക്കൾക്ക് പുറമെ ബന്ധുക്കളെയും, വിവാഹബന്ധത്തിലൂടെ മൂന്നാം തലമുറ വരെയുള്ള ബന്ധുക്കളെയും കുവൈത്തിലേക്ക് കൊണ്ട് വരാൻ സാധിക്കും.

ഫാമിലി വിസയുടെ കാലാവധി ഒരു മാസമായി തന്നെ തുടരുമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ, ടൂറിസ്റ്റ് വിസകൾ എല്ലാ രാജ്യക്കാർക്കും ലഭിക്കുമെന്നും ചില പ്രത്യേക നിബന്ധനകൾ ബാധകമാണെന്നും റെസിഡൻസി അഫയേഴ്‌സ് സെക്ടറിലെ കേണൽ അബ്ദുൽഅസീസ് അൽ-ഖന്ദാരി അറിയിച്ചു.,

അംഗീകൃത രാജ്യങ്ങളുടെ പട്ടികയും യോഗ്യമായ തൊഴിൽ വിഭാഗങ്ങളും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പരിഗണിച്ച് ഇടയ്ക്കിടെ പുതുക്കും. നാല് വിഭാഗങ്ങളിലായാണ് ടൂറിസ്റ്റ് വിസകൾ തിരിച്ചിട്ടുള്ളത്. ഓരോ വിഭാഗത്തിനും വ്യത്യസ്തമായ ഓപ്ഷനുകളും നിബന്ധനകളും ഉണ്ടായിരിക്കും. മുൻപ് ഉണ്ടായിരുന്ന പോലെ കുവൈത്തിലേക്ക് വരാൻ കുവൈത്തിന്‍റെ ദേശീയ വിമാനക്കമ്പനിയിലൂടെയായിരിക്കണമെന്ന വ്യവസ്ഥയും ഒഴിവാക്കിയതായി ഖന്ദാരി വ്യക്തമാക്കി.

Related Posts