
തിരുവനന്തപുരം: പോളിയോ നിർമ്മാർജ്ജന ലക്ഷ്യത്തോടെയുള്ള പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ നവംബർ 22 ഞായറാഴ്ച സംസ്ഥാനത്തെ 10 ജില്ലകളിൽ നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം എന്നിവ ഒഴികെയുള്ള ജില്ലകളിലാണ് പരിപാടി നടക്കുക.
പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നവംബർ 22 ഞായറാഴ്ച രാവിലെ 8 മണിക്ക് തിരുവനന്തപുരം പേരൂർക്കട ജില്ലാ ആശുപത്രിയിൽ മന്ത്രി കെ. മുരളീധരൻ നിർവഹിക്കും. മേയർ വി.വി. രാജേഷ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡോ. ശശി തരൂർ എം.പി, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. 10 ജില്ലകളിലായി അഞ്ച് വയസ്സിൽ താഴെയുള്ള 12,92,421 കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന് നൽകും. പതിവ് ഇമ്മ്യൂണൈസേഷന്റെ ഭാഗമായി പോളിയോ വാക്സിൻ എടുത്ത കുഞ്ഞുങ്ങൾക്കും ഈ ദിവസം തുള്ളിമരുന്ന് നൽകാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം.
13,453 ബൂത്തുകൾ സജ്ജീകരിക്കും. 26,906 പരിശീലനം ലഭിച്ച സന്നദ്ധപ്രവർത്തകരെയാണ് നിയോഗിക്കുന്നത്. സർക്കാർ-സ്വകാര്യ ആശുപത്രികൾ, ആരോഗ്യകേന്ദ്രങ്ങൾ, ജനകീയ-നഗരാരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ, വായനശാലകൾ, സ്കൂളുകൾ, സന്നദ്ധ സംഘടനാ കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ ബൂത്തുകളുണ്ടാകും. യാത്രാവേളയിൽ കുഞ്ഞുങ്ങൾക്ക് മരുന്ന് നൽകാൻ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ബോട്ടുജെട്ടി എന്നിവിടങ്ങളിലായി 373 ട്രാൻസിറ്റ് ബൂത്തുകളും, അതിഥി തൊഴിലാളി ക്യാമ്പുകൾ, ദുർഘട പ്രദേശങ്ങൾ, ഉത്സവസ്ഥലങ്ങൾ, കല്യാണമണ്ഡപങ്ങൾ എന്നിവിടങ്ങളിലേക്ക് 149 മൊബൈൽ ബൂത്തുകളും, 7 ഉത്സവ/മേള ബൂത്തുകളും പ്രവർത്തിക്കും.
ഞായറാഴ്ച ബൂത്തുകളിൽ എത്താൻ കഴിയാത്ത കുഞ്ഞുങ്ങൾക്ക് നവംബർ 23, 24 തീയതികളിൽ വീടുകളിലെത്തി വാക്സിൻ നൽകും. ആശാ, അങ്കണവാടി, കുടുംബശ്രീ പ്രവർത്തകർ ഉൾപ്പെടെയുള്ളവരാണ് വളണ്ടിയർമാർ. ആരോഗ്യകേരളം, തദ്ദേശസ്വയംഭരണ വകുപ്പ്, വനിതാ-ശിശു വികസന വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, കുടുംബശ്രീ മിഷൻ, സാക്ഷരതാ മിഷൻ, റോട്ടറി ഇന്റർനാഷണൽ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
