Your Image Description Your Image Description

ട്രാമെറ്റിനിബ്, റാപാമൈസിന്‍ എന്നീ മരുന്നുകള്‍ സംയോജിപ്പിച്ച് നല്‍കിയതിലൂടെ എലികളുടെ ആയുസ് 30 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയതായി ഗവേഷകര്‍. എഫ്.ഡി.എ (ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍) അംഗീകൃത മരുന്നുകളാണ് ഇവ രണ്ടും. ജര്‍മ്മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജി ഓഫ് ഏജിംഗ് നടത്തിയ പഠനത്തിലാണ് നിര്‍ണായക കണ്ടെത്തല്‍. വലിയ പ്രതീക്ഷ നല്‍കുന്നതാണ് കണ്ടെത്തലെന്നാണ് ഗവേഷകര്‍ പറയുന്നത്. ആയുസ് ദീര്‍ഘിപ്പിക്കുന്നതിനപ്പുറം ചികിത്സ ലഭിച്ച എലികളില്‍ ട്യൂമര്‍ വളര്‍ച്ച വൈകി, ശാരീരിക പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചു എന്നതടക്കമുള്ള മെച്ചപ്പെട്ട ആരോഗ്യ സൂചകങ്ങള്‍ കാണിച്ചുവെന്നും ഗവേഷകര്‍ പറയുന്നു.

അവയവം മാറ്റിവെക്കുമ്പോള്‍ ശരീരം അതിനെ തിരസ്‌കരിക്കുന്നത് തടയാന്‍ ഉപയോഗിക്കുന്നതാണ് റാപാമൈസിന്‍. കാന്‍സര്‍ ചികിത്സയ്ക്ക് ഉപയോഗിക്കുന്നതാണ് ട്രാമെറ്റിനിബ്. അവയുടെ സംയോജിത പരീക്ഷണം ഗണ്യമായ ആയുര്‍ദൈര്‍ഘ്യ വര്‍ധനയ്ക്ക് കാരണമായെന്നാണ് ഗവേഷകര്‍ പറയുന്നത്. റാപാമൈസിന്‍ മാത്രം ഉപയോഗിച്ചപ്പോള്‍ ആയുര്‍ദൈര്‍ഘ്യം 17-18 ശതമാനം വര്‍ധിച്ചു. ട്രാമെറ്റിനിബ് 7-16 ശതമാനം വര്‍ധിപ്പിച്ചു. എന്നാല്‍ അവയുടെ സംയോജനം 26-35 ശതമാനം വര്‍ധന ഉണ്ടാക്കിയെന്നാണ് ഗവേഷകര്‍ പറയുന്നത്. മരുന്നുകള്‍ വ്യക്തിഗതമായി നല്‍കുമ്പോള്‍ ലഭിക്കുന്ന ഫലത്തില്‍ നിന്ന് വ്യത്യസ്തമായി അവയുടെ സംയോജനം ജീനുകളുടെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുന്നു എന്നാണ് വ്യക്തമായത്.

ആയുസ് വര്‍ധിപ്പിക്കുന്നതിനും പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കുന്നതിനും വേണ്ടി ട്രാമെറ്റിനിബിന്റെ ഏറ്റവും അനുയോജ്യമായ ഡോസും നല്‍കേണ്ട രീതിയും കണ്ടെത്താന്‍ ഗവേഷകര്‍ ശ്രമം നടത്തുകയാണ്. ട്രാമെറ്റിനിബ് മനുഷ്യരില്‍ ഉപയോഗിക്കാന്‍ അനുമതി ലഭിച്ചിട്ടുള്ളതിനാല്‍, ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കും സാധ്യതയുണ്ട്. ഞങ്ങളുടെ കണ്ടെത്തലുകള്‍ മറ്റുള്ളവര്‍ ഏറ്റെടുക്കുകയും മനുഷ്യരില്‍ പരീക്ഷിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. എലികളില്‍ കണ്ടതിന് സമാനമായ ആയുര്‍ദൈര്‍ഘ്യ വര്‍ധന മനുഷ്യരില്‍ പ്രതീക്ഷിക്കുന്നില്ലെങ്കിലും പ്രായം കൂടുമ്പോള്‍ കൂടുതല്‍ കാലം ആരോഗ്യത്തോടെയും രോഗമില്ലാതെയും കഴിയാന്‍ മനുഷ്യരെ സഹായിക്കാന്‍ ഈ മരുന്നുകള്‍ക്ക് കഴിയുമെന്ന് ഗവേഷകര്‍ പ്രതീക്ഷിക്കുന്നു.

അതേസമയം വരും വര്‍ഷങ്ങളില്‍ ഈ മരുന്നുകള്‍ മനുഷ്യര്‍ക്ക് എങ്ങനെ ഉപകാരപ്രദമാകാമെന്നും ആര്‍ക്കൊക്കെ ഇതിന്റെ ഗുണം ലഭിക്കാമെന്നും വിശദീകരിക്കാന്‍ സാധിക്കും. ഈ കണ്ടെത്തലുകള്‍ മനുഷ്യരില്‍ വാര്‍ധക്യത്തെ പ്രതിരോധിക്കുന്ന ചികിത്സകള്‍ വികസിപ്പിക്കാനുള്ള സാധ്യതകള്‍ തുറന്നിടുന്നു. എന്നിരുന്നാലും മനുഷ്യരിലെ സുരക്ഷയും ഫലപ്രാപ്തിയും നിര്‍ണയിക്കുന്നതിന് കൂടുതല്‍ പഠനങ്ങളും ക്ലിനിക്കല്‍ പരീക്ഷണങ്ങളും ആവശ്യമാണെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts