അഖിൽ സത്യൻ സംവിധാനം ചെയ്ത ‘സർവ്വം മായ’ എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് പിന്നാലെ, സഹപ്രവർത്തകയും നടിയുമായ റിയാ ഷിബുവിനെതിരെ രസകരമായ വെളിപ്പെടുത്തലുമായി ബേസിൽ ജോസഫ്. സർവ്വം മായയിൽ തനിക്ക് വെറും പത്ത് മിനിറ്റ് റോൾ മാത്രമേയുള്ളൂ എന്ന് പറഞ്ഞ് റിയ തങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് ബേസിൽ പറഞ്ഞു. തന്റെ പുതിയ ചിത്രമായ ‘അതിരടി’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് ബേസിൽ ഈ ‘നുണ’ വെളിച്ചത്തുകൊണ്ടുവന്നത്.
‘അതിരടി’യുടെ ഷൂട്ടിംഗ് പകുതിയായപ്പോഴാണ് ‘സർവ്വം മായ’ തിയേറ്ററിലെത്തുന്നത്. സിനിമയിൽ അഭിനയിക്കുന്ന കാര്യം റിയ പറഞ്ഞിരുന്നെങ്കിലും അത് വെറും പത്ത് മിനിറ്റ് നീളുന്ന ചെറിയ വേഷമാണെന്നാണ് ഞങ്ങളെയെല്ലാം വിശ്വസിപ്പിച്ചത്. എന്നാൽ സിനിമ കണ്ടപ്പോഴാണ് ഞെട്ടിയത്, ടൈറ്റിൽ കഥാപാത്രമായ ‘മായ’യെ അവതരിപ്പിച്ചത് റിയയായിരുന്നു. സിനിമയുടെ അവസാനം വരെ റിയ ഉണ്ടായിരുന്നു. ഞങ്ങളോട് നുണ പറഞ്ഞാണ് റിയ ആ വലിയ സർപ്രൈസ് ഒളിപ്പിച്ചുവെച്ചത്.
മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായ ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ ഒന്നിക്കുന്ന ‘അതിരടി’ മെയ് 14-ന് തിയേറ്ററുകളിലെത്തും. നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന ചിത്രം ഒരു പക്കാ കാമ്പസ് ആക്ഷൻ കോമഡി എന്റർടൈനറാണ്. കോളേജ് വിദ്യാർത്ഥിയായി സ്റ്റൈലിഷ് ലുക്കിൽ ബേസിൽ എത്തുമ്പോൾ, മാസ് ലുക്കിലാണ് ടൊവിനോ പ്രത്യക്ഷപ്പെടുന്നത്. ബേസിൽ ജോസഫിന്റെ ആദ്യ നിർമ്മാണ സംരംഭം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
