Home » Blog » kerala Max » വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചുറ്റുമുള്ള പുകവലി നിരോധന പരിധി കൂട്ടണം; മനുഷ്യാവകാശ കമ്മീഷൻ സർക്കാരിനോട് നിലപാട് തേടി
no-smoking-680x450

സ്കൂളുകൾക്ക് ചുറ്റുമുള്ള പുകയില വിരുദ്ധ നിരോധന മേഖല നിലവിലെ 100 മീറ്ററിൽ നിന്നും 500 മീറ്ററായി ഉയർത്തണമെന്ന നിർദ്ദേശത്തിൽ സംസ്ഥാന സർക്കാരിന്റെ നയപരമായ നിലപാട് വ്യക്തമാക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ഇതുസംബന്ധിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

നിലവിലുള്ള 100 മീറ്റർ പരിധി വളരെ കുറവായതിനാൽ വിദ്യാർത്ഥികൾക്ക് ലഹരിവസ്തുക്കൾ എളുപ്പത്തിൽ ലഭ്യമാകാൻ ഇത് കാരണമാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രൊഫ. വർഗീസ് മാത്യു സമർപ്പിച്ച പരാതിയിലാണ് കമ്മീഷന്റെ നടപടി. ഭാവിതലമുറയെ പുകയിലയുടെയും മറ്റ് മാരക ലഹരിവസ്തുക്കളുടെയും വിപത്തിൽ നിന്ന് സംരക്ഷിക്കാൻ നിലവിലെ നിയമങ്ങളിൽ അടിയന്തര ഭേദഗതി വരുത്തേണ്ടത് അനിവാര്യമാണെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. വരുന്ന ജൂൺ മാസത്തിൽ വെസ്റ്റ് ഹിൽ ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കമ്മീഷൻ ഈ കേസ് വീണ്ടും പരിഗണിക്കും.