ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ പുതിയൊരു ഇലക്ട്രിക് വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമൊരുക്കി ടാറ്റ മോട്ടോഴ്സ്. തങ്ങളുടെ ഐസിഇ (പെട്രോൾ, ഡീസൽ) മോഡലുകൾക്ക് പിന്നാലെ ഇലക്ട്രിക് വാഹന (EV) പോർട്ട്ഫോളിയോയിലും കമ്പനി ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചു. ഉപഭോക്താക്കൾക്ക് ചില മോഡലുകളിൽ പരമാവധി 3.8 ലക്ഷം രൂപ വരെ ലാഭിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. നെക്സോൺ ഇവി, ഹാരിയർ ഇവി, ടിയാഗോ ഇവി, പഞ്ച് ഇവി, കർവ്വ് ഇവി എന്നീ മോഡലുകളുടെ നിർമ്മാണ വർഷവും (MY24, MY25, MY26) വകഭേദങ്ങളും അടിസ്ഥാനമാക്കിയാണ് ഈ കിഴിവുകൾ നിശ്ചയിച്ചിരിക്കുന്നത്. എക്സ്ചേഞ്ച്, സ്ക്രാപ്പേജ്, ഗ്രീൻ ബോണസുകൾക്ക് പുറമെ ലോയൽറ്റി ആനുകൂല്യങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ടാറ്റയുടെ ജനപ്രിയ മോഡലായ നെക്സോൺ ഇവിക്ക് 2024, 2025 വർഷങ്ങളിലെ മോഡലുകൾക്ക് പരമാവധി 1.2 ലക്ഷം രൂപ വരെയാണ് കിഴിവ് ലഭിക്കുക. ഇതിൽ ഗ്രീൻ ബോണസ്, എക്സ്ചേഞ്ച് അല്ലെങ്കിൽ സ്ക്രാപ്പേജ് ബോണസ് എന്നിവയും ലോയൽറ്റി ബോണസും ഉൾപ്പെടുന്നു. എന്നാൽ 2026 മോഡലുകൾക്ക് 50,000 രൂപയാണ് പരമാവധി ഇളവ്. കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് എസ്യുവിയായ ഹാരിയർ ഇവിക്ക് 1.5 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും. ഹാരിയർ ഇവിയുടെ പ്രത്യേകതയായ 50,000 രൂപയുടെ ഇന്റർവെൻഷൻ ബോണസിന് പുറമെ, പഴയ ഇവി കാറുകളിൽ നിന്ന് മാറുന്നവർക്ക് ഒരു ലക്ഷം രൂപ വരെ ലോയൽറ്റി ബോണസും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ടാറ്റയുടെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാറായ ടിയാഗോ ഇവിക്കും മികച്ച വിൽപനയുള്ള പഞ്ച് ഇവിക്കും ആകർഷകമായ ഓഫറുകളുണ്ട്. 2024, 2025 വർഷങ്ങളിലെ ടിയാഗോ ഇവി LR XZ+ വകഭേദങ്ങൾക്ക് 2.1 ലക്ഷം രൂപ വരെയും, LR XT പതിപ്പുകൾക്ക് 1.8 ലക്ഷം രൂപ വരെയും കിഴിവ് ലഭിക്കുമ്പോൾ 2026 മോഡലുകൾക്ക് ഇളവ് കുറവായിരിക്കും. പഞ്ച് ഇവിയുടെ കാര്യത്തിൽ 2024, 2025 വർഷങ്ങളിലെ എൽ.ആർ (LR) വകഭേദങ്ങൾക്ക് 2.1 ലക്ഷം രൂപ വരെയും എം.ആർ (MR) പതിപ്പുകൾക്ക് 1.9 ലക്ഷം രൂപ വരെയും ആനുകൂല്യങ്ങൾ ലഭിക്കും. 2026 പഞ്ച് ഇവി മോഡലുകൾക്ക് യഥാക്രമം 1.4 ലക്ഷം, 1.2 ലക്ഷം എന്നിങ്ങനെയാണ് ഓഫറുകൾ നൽകിയിരിക്കുന്നത്.
ഈ ലിസ്റ്റിൽ ഏറ്റവും ഉയർന്ന കിഴിവ് സ്വന്തമാക്കിയത് സ്റ്റൈലിഷ് എസ്യുവി-കൂപ്പെ മോഡലായ കർവ്വ് ഇവിയാണ് (Curvv EV). ഈ മോഡലിൽ ഉപഭോക്താക്കൾക്ക് 3.8 ലക്ഷം രൂപ വരെയുള്ള വമ്പിച്ച ഇളവുകളാണ് ടാറ്റ ഒരുക്കിയിരിക്കുന്നത്. 2024, 2025 മോഡലുകളിലെ ക്രിയേറ്റീവ് 45 ഒഴികെയുള്ള മറ്റെല്ലാ വേരിയന്റുകൾക്കും ഈ പരമാവധി കിഴിവ് ലഭ്യമാണ്. അതേസമയം, വിവിധ സംസ്ഥാനങ്ങളിലെ നികുതി നിരക്കുകൾ, നഗരങ്ങൾ, ഡീലർഷിപ്പുകൾ, ലഭ്യമായ സ്റ്റോക്കുകൾ, കാറിന്റെ നിറം എന്നിവയ്ക്കനുസരിച്ച് ഈ കിഴിവുകളിൽ വ്യത്യാസങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ വാഹനം വാങ്ങുന്നതിന് മുൻപായി തൊട്ടടുത്തുള്ള ഔദ്യോഗിക ടാറ്റ ഡീലറെ സമീപിച്ച് ഓഫറുകൾ ഉറപ്പുവരുത്തേണ്ടതാണ്.
