Your Image Description Your Image Description

ന്യൂയോർക്ക്: ഇതുവരെ ഭൂമിയിൽ നിന്നും കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലിയ ചൊവ്വ ഉല്‍ക്കാശില 5.3 മില്യൺ ഡോളറിന് (45 കോടി രൂപ) ലേലത്തില്‍ വിറ്റു. ന്യൂയോർക്കിൽ നടന്ന അപൂർവ്വവും പുരാതനവുമായ വസ്തുക്കളുടെ ലേലത്തിലാണ് NWA 16788 എന്ന് പേരിട്ടിരുന്ന ചൊവ്വ ഉൽക്കാശില വൻ തുകയ്ക്ക് വിറ്റുപോയത്. നാളിതുവരെ ഒരു ഉൽക്കാശിലയ്ക്ക് ലേലത്തിൽ ലഭിക്കുന്ന പുതിയ റെക്കോർഡ് വിലയാണിത് എന്നാണ് റിപ്പോർട്ടുകൾ.

NWA 16788 എന്ന് പേരിട്ടിരിക്കുന്ന ഈ മാര്‍ഷ്യന്‍ ഉൽക്കാശിലയ്ക്കായി ഓൺലൈനിലും ഫോണിലും ലേലം നടന്നു. ലേലത്തിൽ പങ്കെടുത്തവർ തമ്മിൽ 15 മിനിറ്റ് നേരം പോരാട്ടം നടന്നു. 2023 നവംബറിൽ നൈജറിലെ സഹാറ മരുഭൂമിയിൽ നിന്നാണ് 54 പൗണ്ട് (24.5 കിലോഗ്രാം) ഭാരമുള്ള ഈ കല്ല് കണ്ടെത്തിയതെന്ന് സോത്ത്ബീസ് പറയുന്നു. ഒരു ഭീമൻ ഛിന്നഗ്രഹം ചൊവ്വയുടെ ഉപരിതലത്തിൽ ഇടിച്ചിറങ്ങിയപ്പോൾ വേര്‍പെട്ട ഈ പാറ 140 ദശലക്ഷം മൈൽ (225 ദശലക്ഷം കിലോമീറ്റർ) സഞ്ചരിച്ച് ഭൂമിയിൽ എത്തുകയായിരുന്നു എന്നാണ് അനുമാനം. രണ്ട് മില്യൺ മുതൽ നാല് മില്യൺ ഡോളർ വരെയായിരുന്നു ലേലത്തിന് മുമ്പ് ഈ ഉല്‍ക്കാശിലയ്ക്ക് നല്‍കിയിരുന്ന മതിപ്പുവില.

ചൊവ്വയുടെ ഉപരിതലത്തിൽ നിന്ന് ഭൂമിയിലെത്തിയ അവിശ്വസനീയമായ ഒരു ഉൽക്കാശിലയാണ് ഇതെന്ന് ലേലത്തിന് മുന്നോടിയായി സോത്ത്ബിയുടെ വൈസ് പ്രസിഡന്‍റായ കസാൻഡ്ര ഹാട്ടൺ പറഞ്ഞു. ഏകദേശം അഞ്ച് ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഒരു ഛിന്നഗ്രഹമോ വാൽനക്ഷത്രമോ ചൊവ്വയിൽ ഇടിച്ചതിന്‍റെ പരിണിതഫലമായി പാറകളും മറ്റ് അവശിഷ്‌ടങ്ങളും ബഹിരാകാശത്തേക്ക് ചിതറിപ്പോവുകയായിരുന്നു എന്ന് അദേഹം പറഞ്ഞു. സോത്ത്ബീസിന്‍റെ അഭിപ്രായത്തിൽ ഭൂമിയിൽ ഇതുവരെ കണ്ടെത്തിയ ഏറ്റവും വലിയ ചൊവ്വ ഉല്‍ക്കാശിലയേക്കാള്‍ 70 ശതമാനം വലുതാണ് ചുവപ്പ്, തവിട്ട്, ചാരനിറത്തിലുള്ള NWA 16788.

അതേസമയം ചുവന്ന ഗ്രഹത്തിന്‍റെ ഈ അവശിഷ്‍ടത്തിന്‍റെ സാംപിള്‍ പരിശോധനയ്ക്കായി പ്രത്യേക ലബോറട്ടറിയിലേക്ക് അയച്ചതായും അവിടെ അത് ചൊവ്വയുടെ ഒരു ഭാഗമാണെന്ന് സ്ഥിരീകരിച്ചതായും ഹാറ്റൺ പറഞ്ഞു. 1976-ൽ വൈക്കിംഗ് ബഹിരാകാശ പേടകം ചൊവ്വയിൽ ഇറങ്ങിയപ്പോൾ കണ്ടെത്തിയ ചൊവ്വയിലെ ഉൽക്കാശിലകളുടെ സാധാരണ രാസഘടനയുമായി ഇതിനെ താരതമ്യം ചെയ്‌തതായും അദേഹം പറഞ്ഞു. ഇതൊരു ഒലിവൈൻ-മൈക്രോഗാബ്രോയിക് ഷെർഗോട്ടൈറ്റ് ആണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായും സോത്ത്ബീസ് പറയുന്നു. ചൊവ്വയിലെ മാഗ്മയുടെ സാവധാനത്തിലുള്ള തണുപ്പിക്കൽ വഴി രൂപം കൊള്ളുന്ന ഒരു തരം പാറയാണ് ഒലിവൈൻ-മൈക്രോഗാബ്രോയിക് ഷെർഗോട്ടൈറ്റ് എന്ന് അറിയപ്പെടുന്നത്.

Related Posts