ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് ഓഗസ്റ്റ് 22ന് രാവിലെ ഒൻപതു മണി മുതൽ ആലപ്പുഴ നഗരത്തിൽ വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ജില്ലാ കോടതിപ്പാലത്തിൻ്റെ നിർമ്മാണ പ്രവൃത്തികൾ കൂടി നടക്കുന്നതിനാൽ 22ന് ഉച്ചയ്ക്ക് ഒരുമണി മുതൽ വൈകിട്ട് ആറു മണിവരെ കെഎസ്ആർടിസി ബസുകൾ ആലപ്പുഴ സ്റ്റാൻഡിലേക്ക് കടത്തിവിടില്ല.എറണാകുളം ഭാഗത്തുനിന്ന് വരുന്ന കെഎസ്ആർടിസി ബസുകൾ ശവക്കോട്ടപ്പാലം വടക്കേ ജംഗ്ഷനിൽനിന്ന് കിഴക്കോട്ട് തിരിഞ്ഞ് മട്ടാഞ്ചേരി പാലം, വഴിച്ചേരി പാലം വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തി ആളുകളെ ഇറക്കിയ ശേഷം വൈഎംസിഎ ജംഗ്ഷൻ, ജനറൽ ആശുപത്രി ജംഗ്ഷൻ വഴി തെക്കു ഭാഗത്തേക്ക് പോകണം.
കൊല്ലം ഭാഗത്തുനിന്ന് വരുന്ന കെഎസ്ആർടിസി ബസുകൾ ജനറൽ ആശുപത്രി ജംഗ്ഷൻ, വൈഎംസിഎ ജംഗ്ഷൻ വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തി ആളുകളെ ഇറക്കിയ ശേഷം ശവക്കോട്ടപ്പാലം തെക്കേ ജംഗ്ഷൻ വഴി എറണാകുളം ഭാഗത്തേക്ക് പോകണം. ആലപ്പുഴ – ചങ്ങനാശ്ശേരി റോഡിലൂടെ വരുന്ന കെഎസ്ആർടിസി ബസുകളിൽ ആലപ്പുഴ സ്റ്റാൻഡിൽ യാത്ര അവസാനിപ്പിക്കേണ്ടവ കൈതവന ജംഗ്ഷനിൽനിന്ന് പഴവീട്, കൊട്ടാരം ജംഗ്ഷനിൽ എത്തി ആളുകളെയിറക്കിയ ശേഷം ജനറൽ ആശുപത്രി തെക്കേ ജംഗ്ഷൻ, ചങ്ങനാശ്ശേരി ജംഗ്ഷൻ വഴി തിരികെ പോകണം.
നെഹ്റു ട്രോഫി വള്ളംകളി കാണാൻ എത്തുന്നവർ അവരുടെ വാഹനങ്ങൾ റിക്രിയേഷൻ ഗ്രൗണ്ടിലും ആലപ്പുഴ ബീച്ച് പോലീസ് എയ്ഡ് പോസ്റ്റിന് തെക്കുവശം എലിവേറ്റഡ് ബൈപ്പാസിന് താഴെയും പാർക്ക് ചെയ്യണം. ആലപ്പുഴ പൊലീസ് പരേഡ് ഗ്രൗണ്ടിന് സമീപത്തുനിന്ന് നിശ്ചിത ഇടവേളകളിൽ ബോട്ട് ജെട്ടി ഭാഗത്തേക്ക് കെഎസ്ആർടിസി ഫീഡർ ബസ് സർവീസ് നടത്തും.
അതേസമയം, നെഹ്റു ട്രോഫി ജലോത്സവ ദിനമായ ഓഗസ്റ്റ് 22 ശനിയാഴ്ച ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധിയാണ്. സർക്കാർ ഓഫിസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമടക്കം ജില്ലാ കലക്റ്റർ അവധി പ്രഖ്യാപിച്ചു. പൊതു പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കും.
