Home » Blog » Kerala » ഓണം – അറിഞ്ഞതും അറിയാത്തതുമായ ഐതിഹ്യങ്ങള്‍
21-1

ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷമാണ് ഓണം. മലയാളികള്‍ക്ക് സുപരിചിതമായതും വ്യാപകമായി അംഗീകൃതമാക്കപ്പെട്ടിട്ടുള്ളതുമായ ഐതിഹ്യം മഹാബലിയുടെത് തന്നെ. എന്നാല്‍ പരശുരാമന്‍, ശ്രീബുദ്ധന്‍, ചേരമാന്‍ പെരുമാള്‍, സമുദ്രഗുപതന്‍-മന്ഥരാജാവ് തുടങ്ങിയവരുമായി ബന്ധപ്പെട്ടും അറിയപ്പെടാത്ത ഒട്ടനവധി ഐതിഹ്യങ്ങള്‍ നിലവിലുണ്ട്. അവയിലൂടെ ഒന്ന് സഞ്ചരിച്ചുപോകാം.

ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷമാണ് ഓണം. മലയാളികള്‍ക്ക് സുപരിചിതമായതും വ്യാപകമായി അംഗീകൃതമാക്കപ്പെട്ടിട്ടുള്ളതുമായ ഐതിഹ്യം മഹാബലിയുടെത് തന്നെ. എന്നാല്‍ പരശുരാമന്‍, ശ്രീബുദ്ധന്‍, ചേരമാന്‍ പെരുമാള്‍, സമുദ്രഗുപതന്‍-മന്ഥരാജാവ് തുടങ്ങിയവരുമായി ബന്ധപ്പെട്ടും അറിയപ്പെടാത്ത ഒട്ടനവധി ഐതിഹ്യങ്ങള്‍ നിലവിലുണ്ട്. അവയിലൂടെ ഒന്ന് സഞ്ചരിച്ചുപോകാം.

ഓണവും മഹാബലിയും

അസുരരാജാവും വിഷ്ണുഭക്തനുമായിരുന്ന പ്രഹ്ലാദന്റെ പേരക്കുട്ടി ആയിരുന്നു മഹാബലി. മഹാബലി എന്ന വാക്കിനര്‍ത്ഥം ‘വലിയ ത്യാഗം’ ചെയ്തവന്‍ എന്നാണ്. ദേവന്‍മാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ(മാവേലിയുടെ) ഭരണകാലം. അക്കാലത്ത് മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു.

ഓണാഘോഷത്തിന്റെ ആരംഭത്തെക്കുറിച്ച് പ്രചരിക്കുന്ന ഐതിഹ്യം ഇതാണ്. വാമനരൂപം പൂണ്ട മഹാവിഷ്ണു മഹാബലിയോട് മൂന്നടി മണ്ണ് ചോദിച്ചു. മൂന്നടി മണ്ണ് മഹാബലി വാഗ്ദാനം ചെയ്തപ്പോള്‍ വാമനം വിശ്വരൂപം കൊള്ളുകയും രണ്ടുപാദങ്ങള്‍കൊണ്ട് മൂന്നു ലോകവും അളന്നെടുത്ത വാമനന്‍ മൂന്നാമത്തെ അടി മണ്ണിനായി കാലെവിടെ വയക്കുമെന്ന് മഹാബലിയോട് ചോദിച്ചു. മറ്റു മാര്‍ഗങ്ങളൊന്നും കാണാതെ ധര്‍മ്മിഷ്ടനായ മഹാബലി മൂന്നാമത്തെയടി വയ്ക്കുവാനായി തന്റെ ശിരസ് കുനിച്ചു കൊടുത്തു. പ്രജാ ക്ഷേമതല്‍പരനായ മഹാബലി വര്‍ഷത്തിലൊരിക്കല്‍ തന്റെ പ്രജകളെ കാണാനായി രാജ്യസന്ദര്‍ശനത്തിനുള്ള അനുമതി ചോദിച്ചു. മഹാബലിയുടെ അപേക്ഷ വാമനന്‍ ഇത് അംഗീകരിക്കുകയായിരുന്നു. മഹാബലിയുടെ വാര്‍ഷിക സന്ദര്‍ശനദിനമാണ് തിരുവോണമെന്നാണ് ഐതിഹ്യം

മാത്രമല്ല ഓണം വാമനജയന്തിയാണെന്നുള്ള വാദങ്ങളും പലകോണില്‍ നിന്നും ഉയര്‍ന്നുവരുന്നുണ്ട്. അങ്ങനെ കരുതുന്നവരും കുറവല്ല. ഓണവുമായി ബന്ധപ്പെട്ടു കിടക്കുന്ന തൃക്കാക്കര ക്ഷേത്രവുമായി ബന്ധിച്ചാണ് ഈ വിശ്വാസവും നിലനില്‍ക്കുന്നത്. മലയാളിയുടെ ഓണ സങ്കല്‍പ്പത്തിന്റെ ആത്മാവ് കുടികൊള്ളുന്ന മണ്ണാണ് തൃക്കാക്കരയിലേത്. വിഷ്ണുവിന്റെ അവതാരമായ വാമനന്റെ പാദം പതിഞ്ഞയിടം എന്ന അര്‍ത്ഥത്തിലാണ് പ്രദേശത്തിന് തൃക്കാല്‍ക്കര അഥവാ തൃക്കാക്കര എന്ന പേര് ലഭിച്ചത്. മഹാബലികര, വാമനക്ഷേത്രം എന്ന പേരിലും തൃക്കാക്കര അറിയപ്പെട്ടിരുന്നു. വൈഷ്ണവര്‍ വിശ്വസിക്കുന്ന 13 ദിവ്യദേശങ്ങളില്‍ ഒന്നാണ് തൃക്കാക്കര മഹാദേവ ക്ഷേത്രം. വാമനന്‍ അവതിച്ച ദിനമാണ് തിരുവോണമെന്നും അതിനാല്‍ ഓണം വാമനജയന്തിയാണെന്നുമാണ് ഐതിഹ്യത്തിന്റെ പ്രചാരകര്‍ പറയുന്നത്.

ഓണവും പരശുരാമനും

പരശുരാമകഥയുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യവും ഓണത്തെ സംബന്ധിച്ചിട്ടുണ്ട്. വരുണനില്‍നിന്ന് കേരളക്ഷേത്രത്തെ മോചിപ്പിച്ച് ബ്രാഹ്മണര്‍ക്ക് ദാനം നല്‍കിയ പരശുരാമന്‍ അവരുമായി പിണങ്ങിപ്പിരിയുന്നു. മാപ്പപേക്ഷിച്ച ബ്രാഹ്മണരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് വര്‍ഷത്തിലൊരിക്കല്‍ തൃക്കാക്കരയില്‍ അവതരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. ഈ ദിവസം ഓണമെന്നും സങ്കല്‍പ്പമുണ്ട്. അതേസമയം ഈ വാദത്തെ ആരും അഗീകരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

ഐതിഹ്യത്തിലെ ശ്രീബുദ്ധന്‍

മാവേലിപുരാണം പോലെ സ്വാധീനമില്ലെങ്കിലും ശ്രീബുദ്ധനുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള കഥകളും ഉണ്ട്. സിദ്ധാര്‍ത്ഥ രാജകുമാരന്‍ ബോധോദയത്തിന് ശേഷം ശ്രവണപദത്തിലേക്ക് പ്രവേശിച്ചത് ശ്രാവണമാസത്തിലെ തിരുവോണനാളിലായിരുന്നുവെന്ന് ബുദ്ധമതാനുയായികള്‍ വിശ്വസിക്കുന്നു. ബുദ്ധമതത്തിന് ആധിപത്യമുണ്ടായിരുന്ന അന്നത്തെ കേരളം ഈ ശ്രാവണപദ സ്വീകാരം ആഘോഷപൂര്‍വ്വം അനുസ്മരിപ്പിക്കുന്നതാണ് ഓണമെന്ന് അവര്‍ സമര്‍ത്ഥിക്കുന്നു. ശ്രാവണം ലോപിച്ച് ഓണം ആയത് ഇതിന് ശക്തമായ തെളിവാണ്.

budha’ഓണം, തിരുവോണം’ എന്നീ പദങ്ങള്‍ ശ്രാവണത്തിന്റെ തദ്ഭവങ്ങളാണ്. ശ്രാവണം എന്ന സംജ്ഞ ബൗദ്ധമാണ്. ബുദ്ധശിഷ്യന്‍മാര്‍ ശ്രമണന്മാര്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. ബുദ്ധനെത്തന്നെയും ശ്രമണന്‍ എന്നു പറഞ്ഞുവന്നിരുന്നു. വിനോദത്തിനും, വിശ്രമത്തിനും ഉള്ള മാസമാണ് ശ്രാവണം. ഓണത്തിന് മഞ്ഞ നിറം പ്രധാനമാണ്. ഭഗവാന്‍ ബുദ്ധന്‍ ശ്രമണപദത്തിലേക്ക് പ്രവേശിച്ചവര്‍ക്ക് മഞ്ഞവസ്ത്രം നല്‍കിയതിനെയാണ് ഓണക്കോടിയായി നല്‍കുന്ന മഞ്ഞമുണ്ടും, മഞ്ഞപ്പൂകളും മറ്റും സൂചിപ്പിക്കുന്നത്. ഓണപ്പൂവ്വ് എന്നു പറയുന്ന മഞ്ഞപ്പൂവിന് അഞ്ച് ദളങ്ങളാണുള്ളത് അത് ബുദ്ധധര്‍മ്മത്തിലെ പഞ്ചശീലങ്ങളുടെ പ്രതീകമായി കരുതി വരുന്നു.

ബുദ്ധമതം കേരളത്തില്‍ ഇല്ലാതാക്കാന്‍ അക്രമങ്ങളും, ഹിംസകളും നടത്തിയിരുന്നുവെന്ന വാദങ്ങളും ചരിത്രകാരന്‍മാര്‍ ഉയര്‍ത്തിയിരുന്നു. ഇതിന്റെ സ്മരണ ഉണര്‍ത്തുന്നതാണ് ഓണത്തല്ലും, ചേരിപ്പോരും മറ്റുമെന്നും അവര്‍ പറയുന്നു. ബൗദ്ധസംസ്‌ക്കാരം വളര്‍ച്ചപ്രാപിച്ചിരുന്ന തമിഴകത്ത് മുഴുവനും, പാണ്ഡ്യരാജധാനിയായിരുന്ന മധുരയില്‍ പ്രത്യേകിച്ചും ഓണം മഹോത്സവമായി കൊണ്ടാടിയിരുന്നു. ‘മധുരൈ കാഞ്ചി’ എന്ന കൃതിയില്‍ ഓണത്തെപ്പറ്റി പരാമര്‍ശങ്ങളുണ്ട്.

ഓണത്തിലെ ചേരമാന്‍ പെരുമാള്‍

മലബാര്‍ മാന്വലിന്റെ കര്‍ത്താവായ ലോഗന്‍ ഓണാഘോഷത്തെ ചേരമാന്‍പെരുമാളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. പെരുമാള്‍ ഇസ്ലാംമതം സ്വീകരിച്ച് മക്കത്തു പോയത്ചിങ്ങമാസത്തിലെ തിരുവോണത്തിന്‍ നാളിലായിരുന്നുവെന്നും ഈ തിര്‍ത്ഥാടനത്തെ ആഘോഷപൂര്‍വ്വം അനുസ്മരിപ്പിക്കുന്നതാണ് ഓണാഘോഷത്തിന് നിമിത്തമായതെന്നും ലോഗന്‍ പറയുന്നു. എന്നാല്‍ ചേരമാന്‍ പെരുമാളിന്റെ കാലത്ത് ഇസ്ലാം മതം രൂപം കൊണ്ടിട്ടില്ല എന്നത് ഈ അനുമാനത്തെ ഖണ്ഡിക്കുന്നു. എന്നാല്‍ ആണ്ടുപിറപ്പുമായി ബന്ധപ്പെടുത്തിയും വില്ല്യം ലോഗന്‍ ഓണത്തെപ്പറ്റി എഴുതിയിട്ടുണ്ട്. തൃക്കാക്കര വാണിരുന്ന ബുദ്ധമതക്കാരനായിരുന്ന ചേരമാന്‍ പെരുമാളിനെ ചതിയില്‍ ബ്രഹ്മഹത്യ ആരോപിച്ച് ജാതിഭൃഷ്ടനാക്കിയതും നാടുകടത്തി എന്നും എന്നാല്‍ അദ്ദേഹത്തെ അത്യന്തം സ്‌നേഹിച്ചിരുന്ന ജനങ്ങളുടെ എതിര്‍പ്പിനെ തണുപ്പിക്കാന്‍ എല്ലാ വര്‍ഷവും തിരുവിഴാ നാളില്‍ മാത്രം നാട്ടില്‍ പ്രവേശിക്കാനുമുള്ള അനുമതി നല്‍കപ്പെട്ടെന്നും അദ്ദേഹത്തിന്റെ ആശ്രിതര്‍ക്കായി നല്‍കി രാജ്യം വിട്ടുവെന്നും ചില ചരിത്രകാരന്മാര്‍ സമര്‍ത്ഥിക്കുന്നു. ആ ഓര്‍മ്മക്കായിരിക്കണം തൃക്കാക്കരയപ്പന്‍ എന്ന പേരില്‍ ബുദ്ധസ്ഥൂപങ്ങളുടെ ആകൃതിയില്‍ ഇന്നും ഓണത്തപ്പനെ പ്രതിഷ്ഠിക്കുന്നത്.

ഓണത്തിലെ സമുദ്രഗുപ്തന്‍

ക്രി.വ. നാലാം ശതകത്തില്‍ കേരളരാജ്യത്തിന്റെ തലസ്ഥാനം തൃക്കാക്കരയായിരുന്നു. ഓണം നടപ്പാക്കിയത് അന്ന് ഇവിടം ഭരിച്ചിരുന്ന മന്ഥ രാജാവ് ആണ് എന്ന് അലഹബാദ് ലിഖിതങ്ങളില്‍ നിന്ന് മനസ്സിലാക്കാനുള്ള തെളിവുകള്‍ ഉള്ളതിനാല്‍ ഇത് ഒരു ചരിത്ര വസ്തുതയാകാമെന്ന് ചിലര്‍ കരുതുന്നു. അതില്‍ രേഖപ്പെടുത്തിയിരിക്കുന്ന മന്ഥാതാവ് പ്രസിദ്ധനായിരുന്ന കേരള രാജാവായിരുന്നു. സമുദ്രഗുപ്തന്‍ ദക്ഷിണേന്ത്യ ആക്രമിച്ച കൂട്ടത്തില്‍ തൃക്കാക്കര ആക്രമിക്കുകയും എന്നാല്‍ മന്ഥരാജാവ് നടത്തിയ പ്രതിരോധത്തിലും സാമര്‍ത്ഥ്യത്തിലും ആകൃഷ്ടനായ സമുദ്രഗുപ്തന്‍ സന്ധിക്കപേക്ഷിക്കുകയും തുടര്‍ന്ന് കേരളത്തിനഭിമാനാര്‍ഹമായ യുദ്ധപരിസമാപ്തിയില്‍ ആ യുദ്ധവിജയത്തിന്റെ സ്മരണക്കായി രാഷ്ട്രീയോത്സവമായി ഓണം ആഘോഷിക്കാന്‍ രാജാവ് വിളംബരം പുറപ്പെടുവിക്കുകയും ചെയ്തു എന്നും ലിഖിതങ്ങളില്‍ പറയുന്നു. ഈ രാജാവ് മഹാബലിയുടെ അവതാരമാണെന്നും ഈ അഭിപ്രായത്തിന്റെ വക്താക്കള്‍ പറയുന്നു. എന്നാല്‍ സമുദ്രമാര്‍ഗ്ഗം തൃക്കാക്കര ആക്രമിക്കാന്‍ സാധ്യമല്ല എന്നതിനാല്‍ ഈ രാജാവ് അക്കാലത്തെ ചേര തലസ്ഥാനമായിരുന്ന കുട്ടനാട്/മാവേലി ആയിരുന്നിരിക്കാമെന്ന് മറ്റു ചിലര്‍ വാദിക്കുന്നത്. മാവേലിക്കര (ഓടനാട്) യിലെ സുപ്രധാനമായ കോട്ട് (വേലി) ഉള്ളതു കൊണ്ടാണ് മാവേലി എന്ന പേരു വന്നതും മാവേലിക്കരയായിരുന്നു ചേര തലസ്ഥാനമെന്നുമാണ് ഈ നിഗമനത്തിനു പിന്നില്‍.

Leave a Reply

Your email address will not be published. Required fields are marked *