തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. ഞായറാഴ്ച മുതൽ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഓണക്കാലത്തും മഴ തുടരാനാണ് സാധ്യത. തിരുവോണദിനത്തിലും മഴയ്ക്ക് സാധ്യതയുള്ളതിനാൽ പലയിടത്തും ആകാശം മേഘാവൃതമായേക്കും. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പും തുടരുകയാണ്.
വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്
ഓഗസ്റ്റ് 23, ഞായർ: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട്.
ഓഗസ്റ്റ് 24, തിങ്കൾ: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ യെല്ലോ അലേർട്ട്.
ഓഗസ്റ്റ് 25, ചൊവ്വ – ഉത്രാടം: കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലേർട്ട്.
ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കാണ് കാലാവസ്ഥാ വകുപ്പ് സാധ്യത പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. ഓണക്കാലത്ത് മഴ ശക്തമാകാനുള്ള സാധ്യത കണക്കിലെടുത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.
