Your Image Description Your Image Description

മനാമ: നീണ്ട നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ലബനനുമായുള്ള നയതന്ത്ര ബന്ധം പുന:സ്ഥാപിക്കാനൊരുങ്ങി ബഹ്റൈൻ. ബെയ്റൂട്ടിലെ ബഹ്റൈൻ എംബസി ഉടൻ തുറക്കുമെന്നാണ് റിപ്പോർട്ട്. ലബനനുമായുള്ള നയതന്ത്ര ബന്ധം പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് ലബനനിലെ ബഹ്റൈൻ എംബസി വീണ്ടും തുറക്കുന്നത്. നിലവിൽ സിറിയയിലെ ബഹ്റൈൻ അംബാസഡർ ആയ വഹീദ് മുബാറക് സയ്യർ ആണ് ലബനൻ അംബാസഡർ ആയി ചുമതലയേൽക്കുക എന്നാണ് വിവരം.

കഴിഞ്ഞ ദിവസം ലബനീസ് പ്രധാനമന്ത്രി നവാഫ് സലാമുമായി അംബാസഡർ കൂടിക്കാഴ്ച നടത്തിയിരുന്നു. ലബനന്റെ പ്രതിസന്ധി ഘട്ടത്തിൽ ബഹ്റൈൻ നൽകിയ പിന്തുണയെക്കുറിച്ചും നയതന്ത്ര ബന്ധം പുന:സ്ഥാപിക്കാനുള്ള രാജ്യത്തിന്റെ സന്നദ്ധതയും സയ്യാർ കൂടിക്കാഴ്ചയിൽ അറിയിച്ചിരുന്നു. ബഹ്റൈനുമായുള്ള ബന്ധം ദൃഢപ്പെടുത്താനുള്ള താൽപര്യം ലബനീസ് പ്രധാനമന്ത്രിയും പ്രകടമാക്കി.

ലബനനും മറ്റ് ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള കടുത്ത നയതന്ത്ര ഭിന്നതയെ തുടർന്ന് 2021 ഒക്ടോബറിലാണ് ലബനനിലെ ബഹ്റൈൻ എംബസി അടച്ചത്. ബഹ്റൈന് പുറമെ സൗദി അറേബ്യ, യുഎഇ, കുവൈത്ത് രാജ്യങ്ങളും ലബനനിൽ നിന്ന് തങ്ങളുടെ അംബാസഡർമാരെ തിരിച്ചു വിളിക്കുകയും ലബനീസ് അംബാസഡർമാരെ ഗൾഫ് രാജ്യങ്ങളിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts