Your Image Description Your Image Description

മറ്റൊരു മലയാള ചിത്രം കൂടി ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി ഒടിടിയിലേക്ക്. ധ്യാൻ ശ്രീനിവാസനെ നായകനാക്കി രാഹുല്‍ ജി, ഇന്ദ്രനീല്‍ ജി കെ എന്നിവര്‍ സംവിധാനം ചെയ്ത ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍ ആണ് സ്ട്രീമിംഗിന് എത്തുന്നത്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍ വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്സിന്‍റെ ഭാഗവുമാണ്. മെയ് 23 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. ഒന്നര മാസത്തിന് ഇപ്പുറമാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്. പ്രമുഖ പ്ലാറ്റ്‍ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രത്തിന്‍റെ റിലീസ്. നാളെ മുതല്‍ (11) കാണാനാവും. ചിത്രം ഒടിടിയിലേക്ക് എത്തുന്നതായി നേരത്തെ അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം വരുന്നത് ഇപ്പോഴാണ്.

വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സില്‍ മിന്നൽ മുരളിക്ക് ശേഷം വരുന്ന രണ്ടാമത്തെ ചിത്രമാണ് ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍. പ്രേം അക്കുടി, ശ്രായന്തി എന്നിവരാണ് ഛായാഗ്രാഹകര്‍. ഇവര്‍ ഭാര്യാഭര്‍ത്താക്കന്മാരാണ്. സായ് പല്ലവി അഭിനയിച്ച ഗാർഗി എന്ന തമിഴ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ച ഇവരുടെ ആദ്യ മലയാള ചിത്രമാണിത്. മിസ്റ്ററി കോമഡി ത്രില്ലറായി അവതരിപ്പിക്കുന്ന ഡിറ്റക്ടീവ് ഉജ്ജ്വലനില്‍ നായകനായെത്തുന്നത് ധ്യാന്‍ ശ്രീനിവാസനാണ്. സിജു വില്‍സന്‍, കോട്ടയം നസീർ, നിര്‍മല്‍ പാലാഴി, ഡോ. റോണി ഡേവിഡ് രാജ്, സീമ ജി നായര്‍ എന്നിവരും അമീന്‍ നിഹാല്‍, നിബ്രാസ്, ഷഹബാസ് തുടങ്ങി ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. പട്ടാമ്പി, ഷൊര്‍ണൂര്‍, കൊല്ലങ്കോട്, നെന്മാറ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

Related Posts