Your Image Description Your Image Description

കൊൽക്കത്ത: ബിഹാറിലേക്ക് ട്രെയിനിൽ മനുഷ്യക്കടത്തെന്ന് സംശയം. ന്യൂ ജൽപായ്ഗുരി-പട്‌ന കാപിറ്റൽ എക്‌സ്പ്രസിൽ ബിഹാറിലേക്ക് കടത്തുകയായിരുന്ന 18-നും 31-നും ഇടയിൽ പ്രായമുള്ള 56 യുവതികളെ റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്)യും റെയിൽവേ പോലീസും മോചിപ്പിച്ചു. യുവതികളെ ട്രെയിനിൽ കൊണ്ടുപോയ ഒരു പുരുഷനെയും ഒരു സ്ത്രീയെയും പോലീസ് കസ്റ്റഡിയിലെടുത്തു.

ബെംഗളൂരുവിലെ ഒരു കമ്പനിയിൽ ജോലി നൽകാമെന്ന് പറഞ്ഞാണ് തങ്ങളെ ട്രെയിനിൽ കൊണ്ടുപോയതെന്നാണ് യുവതികളുടെ മൊഴി. എന്നാൽ, ഇവരെ ബിഹാറിലേക്കുള്ള ട്രെയിനിലാണ് തട്ടിപ്പുകാർ കൊണ്ടുപോയിരുന്നത്. ഇവർ തൊഴിൽത്തട്ടിപ്പിനിരയായെന്നാണ് കരുതുന്നത്. ട്രെയിനിൽ യുവതികളെ കണ്ട് സംശയംതോന്നിയ ആർപിഎഫ് സംഘം വിശദമായ പരിശോധന നടത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. യുവതികളുടെ കൈവശം യാത്രാടിക്കറ്റുകൾ ഉണ്ടായിരുന്നില്ല. അതേസമയം, ഇവരുടെ കൈകളിൽ ട്രെയിനിലെ കോച്ച് നമ്പറും ബെർത്ത് നമ്പറും പതിച്ചിരുന്നു. ഇതുകണ്ടാണ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയത്.

വിശദമായ പരിശോധന നടത്തിയപ്പോൾ ഒരുകൂട്ടം യുവതികൾ ഇത്തരത്തിൽ ട്രെയിനിൽ യാത്രചെയ്യുന്നതായി കണ്ടെത്തി. ഇവരോട് കാര്യങ്ങൾ തിരക്കിയപ്പോളാണ് ബെംഗളൂരുവിലേക്ക് ജോലിക്ക് പോവുകയാണെന്ന് മൊഴിനൽകിയത്. ഇതോടെ യുവതികളെ ട്രെയിനിൽ കൊണ്ടുപോയത് ഒരു പുരുഷനും ഒരു സ്ത്രീയും ആയിരുന്നു. പോലീസിന്റെ ചോദ്യംചെയ്യലിൽ ഇവർക്ക് വ്യക്തമായ മറുപടി നൽകാനായില്ല. യുവതികളുടെ ജോലി സംബന്ധിച്ച രേഖകളും ഹാജരാക്കാനായില്ല. ഇതോടെ രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തു.

പശ്ചിമബംഗാളിലെ ന്യൂ ജൽപായ്ഗുരി സ്റ്റേഷനിൽവെച്ചാണ് യുവതികളെ രക്ഷിച്ചത്. ബംഗാളിലെ ജൽപായ്ഗുരി, അലിപുർദുവാർ തുടങ്ങിയ മേഖലകളിൽനിന്നുള്ള യുവതികളെയാണ് രക്ഷപ്പെടുത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും യുവതികളെ അവരുടെ ബന്ധുക്കളെ ഏൽപ്പിച്ചെന്നും റെയിൽവേ പോലീസും ആർപിഎഫും അറിയിച്ചു.

Related Posts