Your Image Description Your Image Description

ന്യൂഡൽഹി: കാനഡയിൽ വീണ്ടും വിമാനാപകടം. വാണിജ്യ വിമാനം തകർന്നു വീണു മലയാളി യുവാവായ പൈലറ്റ് കൊല്ലപ്പെട്ടു. ഗൗതം സന്തോഷ് എന്നാണ് മരിച്ച യുവാവിൻ്റെ പേര്. ഇദ്ദേഹത്തിൻ്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. യുവാവിന്റെ മരണം ടൊറോണ്ടോയിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിലാണ് സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി കോൺസുലേറ്റ് ജനറൽ മലയാളി യുവാവിൻ്റെ മരണം സ്ഥിരീകരിച്ചത്. ശനിയാഴ്ച വൈകിട്ട് ന്യൂഫൗണ്ട്ലാൻ്റിലെ ഡീർ ലേകിന് സമീപമാണ് എട്ട് പേർക്ക് മാത്രം സഞ്ചരിക്കാനാവുന്ന ചെറു വാണിജ്യ സർവേ വിമാനം തകർന്നുവീണത്. ഇന്ത്യൻ കോൺസുലേറ്റ് എക്സിൽ പങ്കുവച്ച കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ്റെ എക്സ് ഹാൻ്റിലും ടാഗ് ചെയ്തിട്ടുണ്ട്.

അപകടം നടക്കുമ്പോൾ രണ്ട് പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്നും ഇരുവരും മരിച്ചെന്നുമാണ് റിപ്പോർട്ട്. ബ്രിട്ടീഷ് – കൊളംബിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന കിസിക് ജിയോസ്പേഷ്യൽ ആൻ്റ് ഏരിയൽ സർവേ കമ്പനിയുടേതായിരുന്നു വിമാനം. ഈ മാസം പത്തിന് കാനഡയിൽ നടന്ന മറ്റൊരു വിമാനാപകടത്തിൽ ശ്രീഹരി സുകേഷ് എന്ന മലയാളി യുവാവ് കൊല്ലപ്പെട്ടിരുന്നു. കാനഡയിൽ നടന്ന പരിശീലനത്തിനിടെ ശ്രീഹരി പൈലറ്റായിരുന്ന വിമാനം മറ്റൊരു വിമാനവുമായി കൂട്ടിയിടിക്കുകയായിരുന്നു.

Related Posts