Your Image Description Your Image Description

കല്ലമ്പലം എംഡിഎംഎ കേസിൽ അന്വേഷണം സിനിമാ മേഖലയിലെ പ്രമുഖരിലേക്ക്. യുവനടന്മാരുമായി സഞ്ജുവിന് അടുത്ത ബന്ധമാണുള്ളത്. ഇവരിൽ പലരുമായും ഇടപാടുകൾ നടത്തിയിരുന്നതായാണ് പൊലീസിന്റെ നിഗമനം. വർക്കലയിൽ അടുത്തിടെ ഒരു പ്രമുഖ നടൻ ചിത്രീകരണത്തിനായി എത്തിയിരുന്നു. ഈ നടൻ സഞ്ജുവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായാണ് പൊലീസ് പറയുന്നത്. സഞ്ജുവിന്റെ ഫോൺ പരിശോധിച്ചതിൽ തെളിവുകൾ ലഭിച്ചതായാണ് സൂചന. സഞ്ജുവിന്റെ മകളും സിനിമയിൽ അഭിനയിച്ചിരുന്നു.

സിനിമാ സെറ്റുകളിലെ നിരന്തര സന്ദർശകനാണ് സഞ്ജു. സഞ്ജു പലവട്ടം വിദേശയാത്ര നടത്തിയതായും എല്ലാ യാത്രകളിലും രാസലഹരി കടത്തിയെന്നും സൂചനയുണ്ട്. ഒരു വർഷത്തിനിടയിൽ സഞ്ജു കോടികളുടെ രാസലഹരി കടത്തിയെന്നാണ് വിവരം. വലിയ അളവിൽ ലഹരിക്കടത്ത് നടത്തിയതുവഴി ഉന്നതബന്ധങ്ങളിലുമെത്തിയിരുന്നു. കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ചാണ് ലഹരിക്കടത്ത് നടത്തിയിരുന്നത്.

വർക്കലയിൽ ജനിച്ചുവളർന്ന സഞ്ജുവിന് ടൂറിസം മേഖലയുമായും നല്ല അടുപ്പമുണ്ടായിരുന്നുവെന്നാണ് വിവരം. വർക്കലയിൽ ചെറുപ്പകാലത്തുതന്നെ ക്രിമിനൽ കേസുകളിൽ സഞ്ജു ഉൾപ്പെട്ടിരുന്നു. 2022-ൽ എംഡിഎംഎയുമായി പിടിയിലായതോടെയാണ് രാസലഹരി വിൽപ്പനയിൽ സഞ്ജുവിന്റെ പേര് വെളിച്ചത്തുവരുന്നത്. പിന്നീടായിരുന്നു ഇയാളുടെ വളർച്ച. ലക്ഷങ്ങൾ ചെലവഴിച്ചാണ് പുതിയ വീടുൾപ്പെടെ നിർമിച്ചത്. സംഭവത്തിൽ വിശദമായ പരിശോധനയ്ക്കാണ് പൊലീസിന്റെ നീക്കം. സഞ്ജുവിനെ നാളെ കസ്റ്റഡിയിൽ വാങ്ങും.

ജൂലൈ പത്തിനാണ് തിരുവനന്തപുരം കല്ലമ്പലത്ത് വെച്ച് പൊലീസ് വൻ ലഹരിവേട്ട നടത്തിയത്. നാല് കോടി രൂപ വിലവരുന്ന, ഒന്നേകാൽ കിലോ എംഡിഎംഎയുമായാണ് ‘ഡോൺ’ സഞ്ജു അടക്കമുള്ളവരെ പൊലീസ് പിടികൂടിയത്. ഈന്തപ്പഴത്തിന്റെ പെട്ടിക്കുള്ളിൽ കറുത്ത കവറിലാക്കിയായിരുന്നു ലഹരി ശേഖരം ഒളിപ്പിച്ചു കടത്താൻ ശ്രമം നടന്നത്.

സഞ്ജുവിന് പുറമെ വലിയവിള സ്വദേശി നന്ദു, ഉണ്ണിക്കണ്ണൻ, പ്രമീൺ എന്നിവരും കൂടിയാണ് പിടിയിലായത്.

Related Posts