ഓണം കളറാക്കാൻ ജില്ലാ പഞ്ചായത്ത്; പച്ചക്കറി വിത്തും ചെണ്ടുമല്ലിത്തൈ വിതരണവും നടത്തി

ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പച്ചക്കറി വിത്തും ചെണ്ടുമല്ലിത്തൈ വിതരണവും നടത്തി. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി തൈക്കാട്ടുശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി ആർ രജിതയ്ക്ക് വിത്തുകൾ നൽകി പരിപാടി ഉദ്ഘാടനം ചെയ്തു.

‘ഓണം നമുക്ക് കളറാക്കാം’ എന്ന സന്ദേശവുമായാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പദ്ധതികളായ സ്ഥിരംകൃഷി, തരിശുകൃഷി, ജെ.എൽ.ജി എന്നിവയ്ക്കുള്ള തുടക്കമെന്ന നിലയിൽ ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും പാവൽ, പടവലം, വെണ്ട, ചീര, മുളക്, വഴുതന തുടങ്ങിയ പച്ചക്കറി വിത്തുകളും മഞ്ഞ, ഓറഞ്ച് ചെണ്ടുമല്ലി തൈകളുമാണ് വിതരണം ചെയ്തത്. നടീലിന് ആവശ്യമായ വസ്തുക്കള്‍ വീയപുരം അറുന്നൂറ്റിമംഗലം വിത്തുൽപ്പാദന കേന്ദ്രത്തിൽ നിന്ന് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തിന് സമീപമുള്ള അങ്കണത്തിൽ പുഷ്പകൃഷിക്കും പച്ചക്കറിക്കൃഷിക്കുമുള്ള നിലമൊരുക്കി കൃഷി ആരംഭിച്ചിട്ടുണ്ട്.
കൂടാതെ പദ്ധതിയിലൂടെ കാർഷിക ഗ്രൂപ്പുകൾക്ക് പച്ചക്കറി, പയർ വർഗങ്ങൾ, വാഴ, കിഴങ്ങ് വർഗങ്ങൾ, ചെറുധാന്യങ്ങൾ, നിലക്കടല, എള്ള്, മറ്റ് വിളകൾ എന്നിവ സബ്‌സിഡിയായി നൽകും. ഇതിനായി കർഷക ഗ്രൂപ്പ് കൺവീനർമാർ അതത് പരിധിയിൽ വരുന്ന കൃഷിഭവനുകളെ സമീപിക്കണം. കഴിഞ്ഞ സാമ്പത്തിക വർഷം 16,98,541 രൂപ വിവിധ കർഷക കൂട്ടായ്മകൾക്ക് ജില്ലാ പഞ്ചായത്ത് അനുവദിച്ചിരുന്നു. ഏപ്രിൽ മുതൽ തന്നെ വിത്തുൽപാദന കേന്ദ്രം വഴി പഞ്ചായത്തുകൾക്കും കൃഷിഭവനുകൾക്കും പച്ചക്കറി, പൂച്ചെടി വിത്തുകളുടെ വിതരണവും നടന്നുവരുന്നു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ് അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷരായ ബിനു ഐസക് രാജു, അഡ്വ. ടി എസ് താഹ, എം വി പ്രിയ, മുതുകുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡി അംബുജാക്ഷി ടീച്ചർ, ജില്ലാ പഞ്ചായത്തംഗങ്ങളായ വിനീത പ്രമോദ്, അഡ്വ. പി എസ് ഷാജി, അഡ്വ. ആർ റിയാസ്, ജി ആതിര, ഹേമലത മോഹൻ, ജോൺ തോമസ്, ഗീതബാബു, സജിമോൾ ഫ്രാൻസിസ്, ജില്ലാപഞ്ചായത്ത്‌ സെക്രട്ടറി ഇൻ ചാർജ് വി പ്രദീപ്‌ കുമാർ, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എൽ പ്രീത, അറുനൂറ്റിമംഗലം ഫാം സൂപ്രണ്ട് അരുൺ കുമാർ, വീയപുരം ഫാം സൂപ്രണ്ട് ടി എസ് വൃന്ദ തുടങ്ങിയവർ പങ്കെടുത്തു.

More From Author

Leave a Reply

Your email address will not be published. Required fields are marked *