Your Image Description Your Image Description

ഡല്‍ഹി: രാജ്യാന്തര മാധ്യമമായ റോയിട്ടേഴ്‌സിന്റേത് അടക്കമുള്ള അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ നിര്‍ദേശിച്ചത് കേന്ദ്ര സര്‍ക്കാരാണെന്ന് സമൂഹമാധ്യമമായ എക്‌സ്. ഇന്ത്യയില്‍ മാധ്യമങ്ങള്‍ സെന്‍സര്‍ഷിപ്പ് നേരിടുകയാണെന്നും ഇക്കാര്യത്തില്‍ ആശങ്കയുണ്ടെന്നും ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്‌സ് പ്രസ്താവനയില്‍ പറഞ്ഞു.

”2025 ജൂലൈ 3ന് രാജ്യാന്തര മാധ്യമമായ റോയിട്ടേഴ്‌സ്, റോയിട്ടേഴ്‌സ് വേള്‍ഡ് എന്നിവയുള്‍പ്പെടെ 2,355 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഐടി നിയമത്തിലെ 69എ വകുപ്പ് പ്രകാരമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കാരണമൊന്നും കാണിക്കാതെ, ഒരു മണിക്കൂറിനുള്ളില്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം ആവശ്യപ്പെടുകയായിരുന്നു.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അക്കൗണ്ടുകള്‍ ലഭ്യമാകരുതെന്നും ആവശ്യപ്പെട്ടു. എന്നാല്‍ പൊതുജനങ്ങളില്‍നിന്ന് എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്ന് റോയിട്ടേഴ്‌സ്, റോയിട്ടേഴ്‌സ് വേള്‍ഡ് എന്നിവയുടെ അക്കൗണ്ടുകള്‍ വീണ്ടും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ എക്‌സിനോട് ആവശ്യപ്പെടുകയായിരുന്നു.

ഈ ഉത്തരവിലൂടെ, ഇന്ത്യയില്‍ നടക്കുന്ന മാധ്യമ സെന്‍സര്‍ഷിപ്പിനെക്കുറിച്ച് ഞങ്ങള്‍ക്ക് കടുത്ത ആശങ്കയുണ്ട്. ഇക്കാര്യത്തില്‍ നിയമപരമായ എല്ലാവഴികളും പരിശോധിക്കുകയാണ്. ഈ നടപടിയാല്‍ ബാധിക്കപ്പെട്ട ഉപയോക്താക്കള്‍ കോടതി മുഖാന്തിരം നിയമപരമായി നീങ്ങാന്‍ ആവശ്യപ്പെടുകയാണ്. ”എക്‌സിന്റെ ഗ്ലോബല്‍ ഗവണ്‍മെന്റ് അഫയേഴ്‌സ് ടീം പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.

അതേസമയം, എക്‌സിനെതിരെ കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. റോയിട്ടേഴ്‌സിന്റെ അക്കൗണ്ടുകള്‍ ബ്ലോക്കായത് ശ്രദ്ധയില്‍പെട്ടയുടന്‍ അണ്‍ബ്ലോക്ക് ചെയ്യാന്‍ എക്‌സിന് നിര്‍ദേശം നല്‍കിയതായി ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയ വക്താവ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പറഞ്ഞു. ”ജൂലൈ മൂന്നിന് സര്‍ക്കാര്‍ പുതുതായി അക്കൗണ്ടുകളൊന്നും ബ്ലോക്ക് ചെയ്യാന്‍ ഉത്തരവിറക്കിയിട്ടില്ല.

റോയിട്ടേഴ്‌സ് അടക്കമുള്ള പ്രമുഖ രാജ്യാന്തര ചാനലുകളുടെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ സര്‍ക്കാരിന് യാതൊരു ഉദ്ദേശ്യവുമുണ്ടായിരുന്നില്ല. ഇന്ത്യയില്‍ ഈ റോയിട്ടേഴ്‌സ്, റോയിട്ടേഴ്‌സ് വേള്‍ഡ് അക്കൗണ്ടുകള്‍ കിട്ടാതായതോടെ ഉടന്‍ തന്നെ സര്‍ക്കാര്‍ അവ അണ്‍ബ്ലോക്ക് ചെയ്യാന്‍ എക്‌സിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജൂലൈ 5 മുതല്‍ സര്‍ക്കാര്‍ നിരന്തരമായി ആവശ്യപ്പെട്ടിട്ടും സാങ്കേതികമായ തടസ്സങ്ങള്‍ പറഞ്ഞ് അക്കൗണ്ടുകള്‍ അണ്‍ബ്ലോക്ക് ചെയ്യാന്‍ എക്‌സ് തയാറായില്ല. തുടര്‍ന്ന് ഓരോ മണിക്കൂര്‍ ഇടവിട്ട് പുരോഗതി അന്വേഷിച്ചതോടെയാണ് ജൂലൈ ആറിന് രാത്രി 9 മണിയോടെ അക്കൗണ്ടുകള്‍ അണ്‍ബ്ലോക്ക് ചെയ്തത്. റോയിട്ടേഴ്‌സിന്റെ അക്കൗണ്ട് അണ്‍ബ്ലോക്ക് ചെയ്യാന്‍ എക്‌സിന് 21 മണിക്കൂര്‍ വേണ്ടി വന്നു”വക്താവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts