Your Image Description Your Image Description

കോട്ടയം: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണ് ജോര്‍ജിനെതിരെ വ്യാപക പ്രതിഷേധം. ആരോഗ്യരംഗത്തെ വെന്റിലേറ്ററിലാക്കിയ വീണ ജോർജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു.

ഒരു രക്ഷാപ്രവര്‍ത്തനം അവിടെ നടന്നില്ല എന്നതാണ് ഏറ്റവും സങ്കടകരമായ സംഭവമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യ വകുപ്പ് മന്ത്രിയും സഹകരണ വകുപ്പ് മന്ത്രിയും സ്ഥലത്തെത്തി ആ കെട്ടിടം അടഞ്ഞു കിടക്കുന്ന കെട്ടിടമാണെന്നും അതിനകത്ത് ആരുമില്ലെന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചതിനാലാണ് രക്ഷാപ്രവര്‍ത്തനം നടക്കാതിരുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അവരത് പറഞ്ഞതിന്റെ പേരിലാണ് രക്ഷാപ്രവര്‍ത്തനം നടക്കാതെ പോയത്. ഇന്ന് രാവിലെ കൂടി ഉപോഗിക്കപ്പെട്ടിരുന്ന കെട്ടിടമാണെന്ന് പലരും പറഞ്ഞിട്ടുണ്ട്. എന്തിന്റെ അടിസ്ഥാനത്തിലാണ് ഉപയോഗിക്കാത്ത കെട്ടിടമാണെന്നും കെട്ടിടത്തിനകത്ത് ആരുമില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞത് – പ്രതിപക്ഷ നേതാവ് ചോദിച്ചു.

ഒരു ജീവനാണ് നഷ്ടപ്പെട്ടതെന്നും രക്ഷാപ്രവര്‍ത്തനം നടത്താത്തതിന്റെ ഉത്തരവാദിത്തം മന്ത്രിമാര്‍ക്കാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ആരോഗ്യരംഗത്തെ വെന്റിലേറ്ററിലാക്കിയ ആരോഗ്യമന്ത്രിയാണിത്. മരുന്നില്ല, സര്‍ജിക്കല്‍ എക്യുപ്‌മെന്റ്‌സ് ഇല്ല, സ്റ്റാഫില്ല, ആരോഗ്യ രംഗം അലങ്കോലമാക്കി. മന്ത്രിയെ ഇതില്‍നിന്ന് ഒഴിവാക്കാന്‍ സാധിക്കില്ല. ഗുരുതരമായ തെറ്റാണ് ഉണ്ടാക്കിയിരിക്കുന്നത് – അദ്ദേഹം പറഞ്ഞു.

മന്ത്രി അന്വേഷിച്ചു വേണ്ടേ കാര്യം പറയാനെന്നും അദ്ദേഹം ചോദിച്ചു. ഉദ്യോഗസ്ഥന്മാര്‍ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങുകയാണോ ഒരു മന്ത്രി ചെയ്യേണ്ടത്. കിട്ടിയ തെറ്റായ വിവരം വെച്ച് രക്ഷാപ്രവര്‍ത്തനം ഇല്ലാതാക്കി. സാമാന്യ ബുദ്ധിയുള്ള ആരും പറയുന്നത് ആരെങ്കിലും ഉണ്ടോ എന്ന് നോക്കാന്‍. ഉപയോഗിക്കാത്ത കെട്ടിടം ആണെങ്കില്‍ എന്തിനാണ് അത് പൊളിക്കാതെ ഇട്ടിരിക്കുന്നത്. പൂട്ടിയിട്ടിരിക്കുന്ന കെട്ടിടത്തിനകത്ത് എങ്ങനെയാണ് ആള് കയറുന്നത്. ആരോഗ്യമന്ത്രിക്ക് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല – അദ്ദേഹം പറഞ്ഞു.

അതേസമയം, വീണാ ജോര്‍ജിന്റെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് പോലീസും പ്രവര്‍ത്തരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരും മുസ്ലീം ലീഗ് പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. കൊച്ചിയിലും ശക്തമായ പ്രതിഷേധം നടന്നു. കോലം കത്തിച്ചും പ്രതിഷേധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts